അഭയ: സിബിഐ അന്വേഷണ സംഘം ബംഗ്ലൂരില്‍
ബാംഗ്ലൂര്‍: അഭയകേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് ചിത്രീകരിച്ച യഥാര്‍ത്ഥ ടേപ്പുകള്‍ കണ്ടെടുക്കുന്നതിന് സിബിഐ സംഘം ബാംഗ്ലൂരിലെത്തി. യഥാര്‍ത്ഥ ടേപ്പുകള്‍ പത്തു ദിവസത്തിനകം കണ്ടെത്തി ഹാജരാക്കണമെന്ന എറണാകുളം ചീഫ് ഡുജീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സിബിഐ സംഘം ബാംഗ്ലൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
പ്രതികളായ ഫാദര്‍ ജോസ് പൂതൃക്കയില്‍, ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിന് നേതൃത്വം നല്‌കിയ ബാംഗ്ലൂര്‍ ഫോറന്‍സിക്ക് ലാബ് മുന്‍ അസിസ്‌റ്റന്റ് ഡയറക്‌ടര്‍ ഡോ എസ് മാലിനിയെ സിബിഐ സംഘം ചോദ്യം ചെയ്യും. നാര്‍ക്കോ പരിശോധനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും ചോദ്യം ചെയ്യണമെന്നാണ് സിജെഎം കോടതി നിര്‍ദ്ദേശം.
യഥാര്‍ത്ഥ ടേപ്പു കണ്ടെത്താനായില്ലെങ്കില്‍ ഇതു സംബന്ധിച്ച നിജസ്ഥിതി സിബിഐ കോടതിയെ ബോധ്യപ്പെടുത്തണം. ടേപ്പുകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷണം നടത്തി കോടതിയില്‍ വിശദീകരിക്കണം.
അതേ സമയം വിവിധ ആരോപണങ്ങളെ തുടര്‍ന്ന് ഡോ എസ് മാലിനിയെ പുറത്താക്കിയ സര്‍ക്കാര്‍ നടപടി കേസിലെ പഴുതാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന കേസിലാണ് കര്‍ണാടക സര്‍ക്കാര്‍ മാലിനിയെ ജോലിയില്‍ നിന്നും നീക്കം ചെയ്‌തത്.
ഇതിന്റെ ചുവടു പിടിച്ച് മാലിനിയുടെ യോഗ്യത ചോദ്യം ചെയ്യാനാണ് നീക്കം. മാലിനിയ്‌ക്ക് തങ്ങളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ യോഗ്യത ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിയ്‌ക്കാനാണ് ശ്രമമെന്നറിയുന്നു.
യഥാര്‍ത്ഥ യോഗ്യതകളില്ലാത്ത മാലിനി നടത്തിയ പരിശോധനകള്‍ക്ക് നിയമസാധുതയില്ലെന്ന് സ്ഥാപിയ്‌ക്കാനായാല്‍ അത് തങ്ങള്‍ക്ക് സഹായകരമാവുമെന്നാണ് പ്രതികള്‍ കണക്കുകൂട്ടുന്നത്.
അഭയ കേസിലെ പ്രതികള്‍ക്ക് പുറമെ മുദ്രപ്പത്ര കുംഭക്കോണ കേസിലെ പ്രതി അബ്ദുല്‍കരീം തെല്‍ഗി, രാജ്‌കുമാറിനെ തട്ടിക്കൊണ്ടു പോയ കേസില്‍ വീരപ്പന്റെ സഹായി, രാജ്യത്തെ ഞെട്ടിച്ച ഒട്ടേറെ തീവ്രവാദ കേസുകളിലെ പ്രതികള്‍ തുടങ്ങിയവരുടെ നാര്‍ക്കോ പരിശോധന നടത്തിയതും മാലിനിയുടെ നേതൃത്തിലായിരുന്നു.












Click it and Unblock the Notifications