കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഥാകാരന് അമരാവതിയില്‍ അന്ത്യവിശ്രമം

  • By Staff
Google Oneindia Malayalam News

പാലക്കാട്‌: മലയാളിയുടെ പ്രിയ കഥാകാരന്‍ ലോഹിതദാസിന്‌ കണ്ണീരില്‍ കുതിര്‍ന്ന വിട. തിങ്കളാഴ്‌ച രാവിലെ പതിനൊന്നേ മുക്കാലോടെ ലോഹിതദാസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സ്വസതിയായ അമരാവതിയില്‍ സംസ്‌ക്കരിച്ചു. മക്കളായ ഹരികൃഷ്‌ണനും വിജയ്‌ ശങ്കറും ചിതയ്‌ക്ക്‌ തീകൊളുത്തി.

തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്ക്‌ കാണാന്‍ പഴയ ലക്കിടിയെന്ന ഗ്രാമത്തില്‍ മലയാള സിനിമാലോകം ഒന്നടങ്കം എത്തിയപ്പോള്‍ അത് മഹാപ്രതിഭയ്‌ക്കുള്ള ആദരം കൂടിയായി മാറി.

രാവിലെ ഒന്‍പതുമുതല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന്‌ വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്‌ടി ഡപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

ഭൗതികശരീരം കാണുവാന്‍ എത്തിയവരുടെ തിരക്കു മൂലം തീരുമാനിച്ചതിലും വൈകിയാണു സംസ്‌കാരം നടന്നത്‌. ഐവര്‍മഠം ശ്‌മശാനത്തിലെ ചടങ്ങുകള്‍ പ്രകാരമാണു സംസ്‌കാരം നടന്നത്‌.

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച രാവിലെ 10.50ന്‌ എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചാണ്‌ അദ്ദേഹം അന്തരിച്ചത്‌. എറണാകുളം മഹാരാജാസ്‌ കോളജിലും സ്വദേശമായ ചാലക്കുടിയിലും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.

ഞായറാഴ്‌ച രാത്രി ഒന്‍പതരയോടുകൂടിയാണ്‌ മൃതദേഹം ലക്കിടിയിലെത്തിച്ചത്‌. ലോഹിതദാസ്‌ കുറെയേറെ സിനിമകളുടെ കഥയും തിരക്കഥയും ഒരുക്കിയ അമരാവതി വീട്ടില്‍ തന്നെ സംസ്‌കരിക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം. മൃതദേഹത്തോടൊപ്പം ചലച്ചിത്രസംവിധായകരായ സിബിമലയില്‍, ബി ഉണ്ണിക്കൃഷ്‌ണന്‍, മധുപാല്‍, ബ്ലസ്സി, നടന്മാരായ കൊച്ചിന്‍ ഹനീഫ, സാദിഖ്‌ തുടങ്ങിയവരും അമരാവതിയിലെത്തിയിരുന്നു.

ലോഹിതദാസിന്റെ ശവസംസ്‌കാരച്ചടങ്ങുകളോടനുബന്ധിച്ച്‌ തിങ്കളാഴ്‌ച ലക്കിടിപേരൂര്‍ പഞ്ചായത്തില്‍ ദുഃഖാചരണം നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X