ശ്രീലക്ഷ്‌മിക്ക് വെബ് ഡിസൈനിങ് കുട്ടിക്കളി
കോഴിക്കോട്: കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തില്‍ ശ്രീലക്ഷ്‌മിയുടെ ചുമലിലുള്ളത് ചില്ലറ ജോലികളൊന്നുമല്ല. അഞ്ചാം ക്ലാസിലെ പാഠങ്ങള്‍ പഠിയ്‌ക്കുന്നതിനൊപ്പം സ്വന്തം വെബ് ഡിസൈനിങ് കമ്പനിയായ ഇഡിസൈന്റെ കാര്യങ്ങളും ഈ കൊച്ചുമിടുക്കിയ്‌ക്ക് നോക്കണം. ഇഡിസൈന്റെ സിഇഒ പദവി കൈയ്യാളുന്ന ശ്രീലക്ഷ്‌മിയ്‌ക്ക് വെബ് ഡിസൈനിങ് വെറും കുട്ടിക്കളി മാത്രം.
ഏറ്റവും അവസാനമായി കേരള ബാര്‍ കൗണ്‍സിലിന്റെ വെബ് സൈറ്റ് ഡിസൈന്‍ ചെയ്‌ത് കൊണ്ടാണ് ശ്രീലക്ഷ്‌മി വെബ് ഡിസൈനിങ് രംഗത്ത് തന്റെ കഴിവ് തെളിയിച്ചിരിയ്‌ക്കന്നത്.
ഈ ചെറുപ്രായത്തില്‍ തന്നെ പത്തോളം വെബ് സൈറ്റുകള്‍ ശ്രീലക്ഷ്‌മി ഒരുക്കിയിട്ടുണ്ട്. തന്റെ സ്‌കൂളിന്റെ വെബ്‌സൈറ്റും, ബധിരര്‍ക്കുള്ള വെബ്‌സൈറ്റുമൊക്കെ ഇതില്‍ ഉള്‍പ്പെടും. കുട്ടികള്‍ക്കായി ശ്രീലക്ഷ്‌മിയൊരുക്കിയ ആദ്യ മലയാളം വാര്‍ത്ത വിജ്ഞാന വെബ്‌സൈറ്റ് ഇ-സന്ദേശ് മുഖ്യമന്ത്രി വിഎസ് അച്യുതാനനന്ദനായിരുന്നു ഉദ്‌ഘാടനം ചെയ്‌തത്.
വെബ് ഡിസൈനിങ് കുട്ടിക്കളിയാക്കിയെടുത്ത ശ്രീലക്ഷ്‌മിയെ തേടി വന്ന പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും ചില്ലറയല്ല. ബാലപ്രതിഭകള്‍ക്കായി കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം നല്‌കുന്ന പുരസ്‌ക്കാരത്തിന് ശ്രീലക്ഷ്‌മി അര്‍ഹയായിരുന്നു.
വെബ് ഡിസൈനിങ് രംഗത്തെ കഴിവുകള്‍ കണക്കിലെടുത്ത് ഈ കൊച്ചു പ്രതിഭയെ അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ വെബ്‌മാസ്റ്റേഴ്‌സ് ഗോള്‍ഡ് വെബ് അവാര്‍ഡ് നല്‌കിയാണ് ആദരിച്ചത്. മാത്രമല്ല തങ്ങളുടെ സംഘടനയില്‍ അംഗത്വം നല്‌കാനും അവര്‍ തയ്യാറായി. സംഘടനയില്‍ 18 വയസ്സിന് താഴെയുള്ള ഏക അംഗം കൂടിയാണ് ശ്രീലക്ഷ്‌മി.
ചോവ്വായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്‌മി. അഡ്വക്കേറ്റ് സുരേഷ് മേനോന്റെയും അധ്യാപികയായ വിജു സുരേഷിന്റെയും മകളാണ്.












Click it and Unblock the Notifications