കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാക്‌സന്റെ വയറ്റില്‍ ഗുളികകള്‍ മാത്രം

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: മരണമടഞ്ഞ പോപ്‌ ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്‍ ജീവനുള്ള വെറും അസ്ഥിക്കൂടം മാത്രമായിരുന്നുവെന്ന്‌ പോസ്‌റ്റമോര്‍ട്ടം റിപ്പോര്‍ട്ട്‌. മരണ സമയത്ത്‌ ജാക്‌സന്റെ വയറ്റില്‍ ഗുളികകള്‍ മാത്രമാണ്‌ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

ദ സണ്‍ ടാബ്ലോയിഡാണ്‌ ജാക്‌സന്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടിരിയ്‌ക്കുന്നത്‌. ജാക്‌സന്റെ മൃതദേഹത്തില്‍ നിരവധി ചതവുകളും സൂചികൊണ്ടുണ്ടായ പാടുകളും ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതിന്‌ പുറമെ അദ്ദേഹത്തിന്റെ വാരിയെല്ലുകളും തകര്‍ന്നിരുന്നു. വിഗ്ഗ്‌ ധരിച്ചിരുന്ന ജാക്‌സന്റെ തലയില്‍ വളരെക്കുറച്ച്‌ മുടിയെ ശേഷിച്ചിരുന്നുള്ളൂവെന്നും പരിശോധനയില്‍ വെളിവായി.

വര്‍ഷങ്ങളായി നിത്യവും മൂന്ന്‌ നേരം ശക്തിയേറിയ വേദനസംഹാരികള്‍ കുത്തിവച്ചതാണ്‌ ഇടുപ്പ്‌, ചുമല്‍, തുട, എന്നിവിടങ്ങളില്‍ മുറിവുകള്‍ ഉണ്ടാവാനുള്ള കാരണം. ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ചിരുന്ന ജാക്‌സന്റെ വയറ്റില്‍ പാതിയലിഞ്ഞ ഒട്ടേറെ വേദനസംഹാരി ഗുളികകള്‍ കണ്ടെത്തിയിരുന്നു. ഇതും ടോക്‌സികോളജി പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്‌. വേദനസംഹാരി കുത്തിവെയ്‌പ്പുകള്‍ക്ക്‌ പുറമെയാണ്‌ ജാക്‌സണ്‍ ഈ ഗുളികകള്‍ കഴിച്ചിരുന്നത്‌.

13 ഓളം സൗന്ദര്യവര്‍ദ്ധന ശസ്‌ത്രക്രിയകള്‍ കഴിഞ്ഞതിന്റെ പാടുകളും ആ ശരീരത്തിലുണ്ട്‌. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഡോക്ടര്‍മാര്‍ നെഞ്ചില്‍ തുടര്‍ച്ചയായി അമര്‍ത്തിയതാണ്‌ വാരിയെല്ലുകളില്‍ പൊട്ടലുണ്ടാവാന്‍ കാരണം. അഡ്രിനാലിന്‍ നേരിട്ട്‌ ഹൃദയത്തില്‍ കുത്തിവെച്ചതിന്റെ നാല്‌ അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. മൂക്കിന്‌ മുകളില്‍ നിരന്തരം ശസ്‌ത്രക്രിയകള്‍ നടത്തിയതിന്റെ ഫലമായി മൂക്കിന്റെ പാലം തന്നെ ഇല്ലാതായിട്ടുണ്ടെന്നും സണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്‌.

ജീവനുള്ള അസ്ഥിക്കൂടമായിരുന്ന മൈക്കല്‍ ജാക്‌സന്റെ പെടുന്നനെയുള്ള മരണത്തിന്‌ കാരണം അദ്ദേഹത്തിന്റെ ഡോക്ടറാണെന്ന ആരോപണം ശരിവെയ്‌ക്കുന്നതാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. മരണത്തിന്‌ തൊട്ടമ്‌ മുമ്പ്‌ ഡെമറോള്‍ എന്ന വേദനസംഹാരി കുത്തിവെച്ചത്‌ ജാക്‌സന്റെ ഡോക്ടര്‍ കോണ്‍റാഡ്‌ മുറെയായിരുന്നു.

ജാക്‌സന്റെ ലണ്ടന്‍ സംഗീത പരിപാടിയുടെ സംഘാടകരായ എഇജി ലൈവാണ്‌ മരണത്തിന്‌ പതിനൊന്ന്‌ ദിവസം മുമ്പ്‌ താരത്തിന്റെ ചികിത്സകള്‍ക്കായി മുറെയെ നിയോഗിച്ചത്‌. എന്നാല്‍ വന്‍ ഊര്‍ജ്ജവും മെയ്‌ വഴക്കവും വേണ്ടിയിരുന്ന സംഗീതപരിപാടികള്‍ ജാക്‌സന്‌ കഴിയുമായിരുന്നില്ല എന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

ജാക്‌സന്റെ മൃതദേഹം രണ്ടാമതും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന്‌ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതിനിടെയാണ്‌ ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്‌. ഇതിനിടെ ഡോക്ടര്‍ മുറെയ്‌ക്കെതിരെ നഷ്ടപരിഹാരത്തിന്‌ കേസ്‌ കൊടുക്കാന്‍ ബന്ധുക്കള്‍ ആലോചിയ്‌ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X