യെമനിയ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു; 150 മരണം
മൊറോണി: 150 യാത്രക്കാരുമായി യെമനിയ എയര്‍ലൈന്‍സിന്റെ എ 310 വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൊമോറസിലെ ആര്‍ക്കിപ്പെലോഗയില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. യെമനി സര്‍ക്കാരിന്റെയും സൗദി ഭരണകൂടത്തിന്റെ പങ്കാളിത്തമുള്ളതാണ് യെമനി എയര്‍ലൈന്‍സ്.
വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ ആരെങ്കിലും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് കൊമോറസ് വൈസ് പ്രസിഡന്റ് ഇഡി നദോയിം മൊറോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുലര്‍ച്ചെയാണ് അപകടം ഉണ് ടായതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും നദോയിം പഞ്ഞു.
തിങ്കളാഴ്‌ച പാരീസില്‍ നിന്നും പുറപ്പെട്ട വിമാനം യെമനിലെത്തിയ ശേഷം മൊറോണിയ്‌ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കാലാവസ്ഥ അത്ര സുഖകരമല്ലെന്നും കടല്‍ ക്ഷോഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിമാനം തീരപ്രദേശത്തു നിന്നും 5-6 കിലോമീറ്ററിനുള്ളില്‍ കടലില്‍ തകര്‍ന്നുവീണതായാണ് സംശയിക്കുന്നതെന്ന് കാമോറസിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാനം തകര്‍ന്നു വീണ സ്ഥലം കണ്ടുപിടിയ്‌ക്കാന്‍ സൈന്യം ബോട്ടുകളില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതേ സമയം കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സാമഗ്രികള്‍ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഡഗാസ്‌കറിന് 300 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മൊസാംബിക് കടലിടുക്കിന് സമീപം ഗ്രാന്‍ഡ് കോമോര്‍, അഞ്ച്വാന്‍, മൊഹേലി എന്നീ മൂന്ന് ദ്വീപുകളുടെ സമൂഹമാണ് കൊമോറസ്.
1996ല്‍ തീവ്രവാദികള്‍ റാഞ്ചിയ ഏതോപ്യന്‍ വിമാനം കൊമോറോസ് ദ്വീപുകള്‍ക്ക് സമീപം തകര്‍ന്നു വീണ് 175 യാത്രക്കാരില്‍ 125 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ വന്‍ വിമാന ദുരന്തത്തിനാണ് ലോകം സാക്ഷ്യം വഹിയ്‌ക്കുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിന് ബ്രസീല്‍ നിന്നു പാരീസിലേക്ക് പോവുകയായിരുന്ന എയര്‍ഫ്രാന്‍സ് വിമാനം അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണ് 228 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications