കേന്ദ്രമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചു: ജഡ്‌ജി
ചെന്നൈ: മാര്‍ക്കു തട്ടിപ്പ് കേസിലെ പ്രതികളായ ഡോക്ടര്‍ക്കും മകനും മുന്‍കൂര്‍ ജാമ്യം അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചുവെന്ന് മദ്രാസ് ഹൈക്കോടതി ജസ്‌റ്റിസ് ആര്‍ രഘുപതി വെളിപ്പെടുത്തി.
നിയമ രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ അമ്പരപ്പ് സൃഷ്ടിച്ച സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ജസ്റ്റിസ് തയ്യാറായില്ല. തന്റെ കക്ഷികള്‍ക്കു ജാമ്യം അനുവദിക്കാത്തതിനെക്കുറിച്ച് പ്രതികളുടെ അഭിഭാഷകന്‍ അരിശത്തോടെ പരാതി പറഞ്ഞപ്പോള്‍ മന്ത്രിയുടെ സ്വാധീനശ്രമത്തെക്കുറിച്ച് ജഡ്‌ജി തുറന്നുപറയുകയായിരുന്നു.
ആരോപണ വിധേയനായ മന്ത്രി ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് രാഷ്ട്രീയം. ഒരു ഡിഎംകെ മന്ത്രിയാണ് ജഡ്‌ജിയെ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജഡ്‌ജിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിയ്‌ക്കുമെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ് ലി ദില്ലിയില്‍ പറഞ്ഞു.
സിബിഐ ഫയല്‍ ചെയ്‌ത കേസില്‍ പുതുശേരിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്‌ഥിയായ കിരൂപ് ശ്രീധര്‍, പിതാവും ഡോക്‌ടറുമായ കൃഷ്‌ണമൂര്‍ത്തി എന്നിവരാണ് പ്രതികള്‍. പുതുശേരി യൂണിവേഴ്‌സിറ്റിയിലെ ഒരു ഉദ്യോഗസ്‌ഥനെ സ്വാധീനിച്ച് ശ്രീധറിന്റെ മാര്‍ക്ക് ലിസ്‌റ്റില്‍ കൂടുതല്‍ മാര്‍ക്ക് വ്യാജമായി രേഖപ്പെടുത്തിയതു സംബന്‌ധിച്ചാണ് കേസ്.
ഇവരുടെ ജാമ്യാപേക്ഷ ജൂണ്‍ 15ന് കോടതി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ അനുകൂലമായ നിലപാടാണ് ജഡ്‌ജി സ്വീകരിയ്‌ക്കുന്നതെന്ന് പ്രകോപനം സൃഷ്ടിയ്‌ക്കുന്ന തരത്തില്‍ പ്രതികളുടെ അഭിഭാഷകന്‍ പരാതിപ്പെട്ടു. ഇതോടെയാണ് ക്ഷുഭിതനായ ജഡ്‌ജി കേന്ദ്ര മന്ത്രി ഫോണില്‍ വിളിച്ച് സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ച കാര്യം വെളിപ്പെടുത്തിയത്.
ഒരു കേന്ദ്രമന്ത്രി ജാമ്യക്കര്യത്തെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. നിങ്ങള്‍ക്കും എല്ലാം അറിയാം. നിരുപാധികം നിങ്ങള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇതിന്റെ മുഴുവന്‍ വിശദാംശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തും - ജസ്‌റ്റിസ് രഘുപതി പറഞ്ഞു. സംഭവത്തെക്കുറിച്ച് താന്‍ പ്രധാനമന്ത്രിക്ക് എഴുതുമെന്ന് രഘുപതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications