ഇടതുമുന്നണി യോഗം; സിപിഐ വിട്ടുനിന്നു
തിരുവനന്തപുരം: സ്വാശ്രയ കോളെജ് പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്‌ച വൈകിട്ട് വിളിച്ചു ചേര്‍ത്ത ഇടതുമുന്നണി യോഗത്തില്‍ സിപിഐ പങ്കെടുത്തില്ല. പ്രധാന ഘടനകകക്ഷിയായ സിപിഎമ്മിന് പുറമെ ആര്‍എസ്‌പി, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്, ജനതാദള്‍ വിമത വിഭാഗവും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.
അതേ സമയം എല്‍ഡിഎഫ് യോഗം നടക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗവും നടക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി വിഎസ് യോഗത്തില്‍ പങ്കെടുക്കാത്തതിനാലാണ് സിപിഐ പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നും സൂചനകളുണ്ട്.
എല്‍ഡിഎഫ് യോഗം പത്ത് മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്. മാനേജുമെന്റുകളുമായി ഒപ്പു വെയ്‌ക്കുന്ന സ്വാശ്രയ കരാറിന്റെ കരട് രേഖ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി യോഗത്തില്‍ വായിച്ചു. യോഗത്തില്‍ പങ്കെടുത്ത ഘടകകക്ഷികള്‍ ഇതിനെ എതിര്‍ത്തില്ല. ്‌പ്രവേശനക്കാര്യം സംബന്ധിച്ച വിഷയത്തില്‍ സിപിഐയെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം കരാര്‍ നടപ്പാക്കിയാല്‍ മതിയെന്നും മുന്നണി യോഗത്തില്‍ തീരുമാനിച്ചതായി സൂചനകളുണ്ട്.
ഇതിനിടെ മുന്നണിയില്‍ ഭിന്നതയില്ലെന്ന് ആര്‍എസ്‌പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സ്വാശ്രയ വിഷയം സംബന്ധിച്ച വിവരം സിപിഐ സംസ്‌ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനെ ധരിപ്പിച്ചിരുന്നതായും ആര്‍എസ്‌പി വക്താക്കള്‍ അറിയിച്ചു.
സിപിഐയുടെ എതിര്‍പ്പ് മൂലം കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ഇടതുമുന്നണി യോഗം അവസാന നിമിഷത്തില്‍ വേണ്ടെന്ന് വെച്ചിരുന്നു.












Click it and Unblock the Notifications