വഴിപിരിയലിന്റെ സൂചനകളുമായി ദള്‍ യോഗം ചേരുന്നു
ദില്ലി: വഴിപിരിയലിന്റെ സൂചനകളുമായി ജനതാദള്‍ എസ് ദേശീയ നിര്‍വാഹക സമിതി യോഗം ശനിയാഴ്‌ച ദില്ലിയില്‍ നടക്കും. പാര്‍ട്ടി ദേശീയ പ്രസിഡന്റ് എച്ച്‌ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരള ഘടകം പ്രസിഡന്റ് എംപി വീരേന്ദ്ര കുമാറും പങ്കെടുക്കുന്നുണ്ട്.
സംസ്ഥനത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഈ രണ്ടു നേതാക്കളും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിന് ശനിയാഴ്‌ച നടക്കുന്ന നിര്‍വാഹക സമിതിയോഗം വേദിയാകുമെന്നാണ് കരുതപ്പെടുന്നത്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടവരൊഴികെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തേക്കും.
സംസ്ഥാനത്ത് എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്ന ദേശിയ നേത്യത്വത്തിന്റെ നിലപാടിനോട് കടുത്ത എതിര്‍പ്പാണ് വീരേന്ദ്രകുമാര്‍ പക്ഷത്തിനുള്ളത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പരസ്യമായ എതിര്‍ത്ത സ്ഥിതിയ്‌ക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്നും അവര്‍ കരുതുന്നു. കേരളത്തില്‍ പാര്‍ട്ടിയ്‌ക്ക് ആഭ്യന്തര പ്രവര്‍ത്തന സ്വാന്ത്ര്യം വേണമെന്ന് വീരന്‍ വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടേക്കും.
അതേ സമയം കേരളത്തില്‍ കോണ്‍ഗ്രസുമായി ധാരണയ്‌ക്ക് വീരന്‍ പക്ഷം ശ്രമിച്ചത് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ദള്‍ കേരള ഘടകം എല്‍ഡിഎഫിനൊപ്പം ഉറച്ചു നിലക്കണമെന്ന കര്‍ശന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചാല്‍ അത് വീരന്‍ വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്തെത്തിയ്‌ക്കും.












Click it and Unblock the Notifications