ദള്‍ ഇടതിനൊപ്പമെന്ന് ഗൗഡ വീരന് വിമര്‍ശനം
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അവലോകനം നടത്താനായി ചേര്‍ന്ന ജനതാദള്‍ എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേരളത്തില്‍ പാര്‍ട്ടി ഇടതുമുന്നണിയ്‌ക്കൊപ്പം തന്നെയാണെന്ന് പ്രസിഡന്റ് എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് നടപടി നേരിടേണ്ടി വരുമെന്നും ഗൗഡ പറഞ്ഞു. ജനതാദള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് ചൂണ്ടിക്കാട്ടി കേരള സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന് കത്തു നല്‌കിയ കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു.
നിര്‍വാഹക സമിതി യോഗത്തില്‍ പാര്‍ട്ടി നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയ കേരള ഘടകം അധ്യക്ഷന്‍ വീരേന്ദ്രകുമാറിനെതിരെ നടപടിയുണ്ടാവുമെന്നും സൂചനകളുണ്ട്. വീരന്‍ നിലപാട് തിരുത്തണമെന്ന് യോഗത്തിനിടെ മറ്റു സംസ്ഥാനഘടകങ്ങള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
യോഗത്തില്‍ സംസാരിച്ച വീരേന്ദ്ര കുമാര്‍ സംസ്ഥാനത്തെ കൂട്ടുകെട്ടുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അവകാശം നല്‌കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി പിളര്‍ത്താന്‍ സിപിഎം ശ്രമിച്ചെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി കേരളം സന്ദര്‍ശിച്ചത് സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെയാണെന്നും വീരന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വിവരിയ്‌ക്കുന്ന ആരു പേജുള്ള കുറിപ്പ് വീരന്‍ പക്ഷം യോഗത്തില്‍ വിതരണം ചെയ്‌തു. തിരഞ്ഞെടുപ്പിന് ശേഷം മുന്നണിയ്‌ക്ക് നേതൃത്വം നല്‌കുന്ന സിപിഎമ്മില്‍ നിന്ന് രൂക്ഷമായ ആക്രമണമാണ് പാര്‍ട്ടിക്കാര്‍ക്കെതിരെ ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാണെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.
ഇതിന് ശേഷം യോഗത്തില്‍ സംസാരിച്ച മാത്യു ടി തോമസ് വീരേന്ദ്ര കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി നയങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും വീരന്‍ പക്ഷം തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ പ്രവര്‍ത്തിച്ച കാര്യവും മാത്യു ടി ചൂണ്ടിക്കാട്ടി. വയനാട് സീറ്റ് ഏറ്റെടുത്താല്‍ രാജ്യസഭാ സീറ്റ് നല്‌കാമെന്ന സിപിഎം വാഗ്‌ദാനം സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മറച്ചുവെന്നും മാത്യു ടി ആരോപിച്ചു.
മറുപടി പ്രസംഗത്തിലാണ് പാര്‍ട്ടി എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‌ക്കുമെന്ന് ദേവഗൗഡ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്.












Click it and Unblock the Notifications