അഭയ: വിഡിയോ ടേപ്പുകള്‍ കണ്ടെടുത്തു
ബാംഗ്ലൂര്‍: സിസ്‌റ്റര്‍ അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്കു വിധേയമാക്കിയതിന്റെ അസല്‍ വിഡിയോ ടേപ്പുകള്‍ സിബിഐ സംഘം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നു കണ്ടെടുത്തതായി സൂചന. പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയ മാലിനിയെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് സിബിഐ യഥാര്‍ത്ഥ വീഡിയോ ടേപ്പുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിയ്‌ക്കുന്നത്.
എന്നാല്‍ ടേപ്പിലും സിഡിയിലും കൃത്രിമത്വം നടന്നില്ലെന്ന നിലപാടില്‍ തന്നെ ലാബധികൃതര്‍ ഉറച്ചു നില്‌ക്കുകയാണ്. പരിശോധന കഴിഞ്ഞാല്‍ അവയുടെ അടിസ്ഥാനത്തിലെത്തുന്ന നിഗമനത്തിന് കരുത്ത് പകരുന്ന ഭാഗങ്ങളാണ് സിഡിയിലാക്കി റിപ്പോര്‍ട്ടിനൊപ്പം നല്‌കുകയെന്ന് അവര്‍ പറയുന്നു. മറ്റു പരിശോധനകളും ഈ രീതിയില്‍ തന്നെയാണോയെന്ന് പരിശോധിയ്‌ക്കാന്‍ സമാന സ്വഭാവമുള്ള കേസുകളിലെ വീഡിയോ ടേപ്പുകളും സിബിഐ ശേഖരിച്ചിട്ടുണ്ട്.
അതേ സമയം ശേഖരിച്ച ടേപ്പുകളില്‍ അഭയ കേസുമായി ബന്ധപ്പെട്ടതുണ്ടോ എന്നത് സംബന്ധിച്ചു സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. ഫോറന്‍സിക് ലാബ് മുന്‍ അസിസ്‌റ്റന്റ് ഡയറക്‌ടര്‍ എസ് മാലിനിയെ തുടര്‍ച്ചയായി രണ്ടു ദിവസം സിബിഐ സംഘം ചോദ്യം ചെയ്‌തിരുന്നു. ബാംഗ്ലൂരിലെ അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ സംഘം കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്.
അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ കേസിലെ മറ്റു സാക്ഷികളുടെ നാര്‍ക്കോ പരിശോധന ഹൈദരാബാദിലെ ലാബില്‍ നടത്താനാണ് സിബിഐ തീരുമാനിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications