ജനതാദള്‍ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു
ദില്ലി: ജനതാദള്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പകരം അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വരും. ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടി അടിയന്തര രാഷ്‌ട്രീയ കാര്യ സമിതി യോഗമാണ് തീരുമാനമെടുത്തത്.
ദേശീയ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി സംസ്ഥാന ഘടകം അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് സ്വാധീനമുള്ള കമ്മിറ്റിയാണ് പിരിച്ചുവിട്ടിരിയ്‌ക്കുന്നത്. വീരേന്ദ്ര കുമാറിനെതിരെ അച്ചടക്ക നടപടി ഉടന്‍ ഉണ്ടാകുമെന്നും സൂചനകളുണ്ട്. ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചതാണ് പെട്ടെന്നുള്ള നടപടികള്‍ക്ക് കാരണം.
3:36 PM
വീരനെതിരെ ദള്‍ നേതൃത്വം നടപടിക്കൊരുങ്ങുന്നു
ദില്ലി: ദേശീയ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയുടെ വസതിയില്‍ ചേരുന്ന രാഷ്ട്രീയകാര്യ സമിതിയാകും അച്ചടക്ക നടപടിയെക്കുറിച്ചു തീരുമാനിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതിയോഗത്തിലെ തീരുമാനങ്ങള്‍ക്കെതിരെ വീരേന്ദ്രകുമാര്‍ പരസ്യമായി പ്രതികരിച്ചതാണ് നടപടിയെടുക്കാന്‍ കാരണമാകുന്നത്. വീരേന്ദ്രകുമാറിനെ പുറത്താക്കണമോ അതോ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമോ എന്ന കാര്യം രാഷ്‌ട്രീയ കാര്യ സമിതി യോഗം തീരുമാനിയ്‌ക്കും. വൈകിട്ട് മൂന്ന് മണിയോടെ ദേവഗൗഡ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിയ്‌ക്കുമെന്നാണ് സൂചന.
ദേശീയ നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ച കാര്യങ്ങള്‍ അംഗീകരിക്കില്ലെന്ന വീരേന്ദ്രകുമാര്‍ യോഗത്തിലും പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. യോഗതീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ദേവഗൗഡ അടക്കമുളള നേതാക്കള്‍ വീരേന്ദ്രകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല.
സംസ്ഥാനത്തെ കാര്യം തീരുമാനിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് അവകാശമുണ്ടെന്നു വാദിച്ചാണ് യോഗത്തില്‍ നിന്നും വീരേന്ദ്രകുമാറും ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും പുറത്തുവന്നത്.
ഇതേത്തുടര്‍ന്നു വര്‍ഗീസ് ജോര്‍ജിനെ ശനിയാഴ്‌ച തന്നെ സസ്‌പെന്‍ഡ് ചെയ്‌തു. എന്നാല്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കുകയില്ലെന്നു വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഞായറാഴ്‌ച രാവിലെ ചേര്‍ന്ന ദള്‍ നേതാക്കളുടെ യോഗമാണ് വീരേന്ദ്രകുമാറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
12:40 PM












Click it and Unblock the Notifications