പിണറായി മാറേണ്ടെന്ന് കാരാട്ട്; പിബിയില്‍ ഭിന്നത
ദില്ലി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം കേരളഘടകത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ദ്വിദിന പോളിറ്റ്‌ബ്യൂറോ യോഗം അവസാനിച്ചു. പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്‌ത നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായി 11, 12 തിയതികളില്‍ കേന്ദ്ര കമ്മറ്റി ചേരാന്‍ തീരുമാനിച്ചതായി പിബി തീരുമാനിച്ചതായി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി അറിയിച്ചു.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി സ്വീകരിയ്ക്കാന്‍ പിബിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കേന്ദ്രകമ്മിറ്റി കഴിയുന്നതോടെ കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ അവസാനിപ്പിയ്‌ക്കാനാകുമെന്നാണ് സീതാറാം യെച്ചൂരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി കടുത്ത നടപടികളിലേക്ക് നീങ്ങുകയാണെന്ന സൂചനകളാണ് യെച്ചൂരിയുടെ വാക്കുകളില്‍ നിഴലിയ്‌ക്കുന്നതെന്ന് വിലയിരുത്തലുണ്ട്.
മുമ്പ് പിബി വിഎസിനെയും പിണറായിയേയും സസ്‌പെന്റ് ചെയ്‌തപ്പോള്‍ ഇക്കാര്യം കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് മുമ്പെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചേര്‍ന്ന പിബി യോഗ വിവരങ്ങള്‍ പുറത്തുവിടാന്‍ ഒരൊറ്റ നേതാക്കളും തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.
ലാവലിന്‍ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും പിണറായി വിജയന്‍ മാറി നില്‌ക്കേണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായാണ് സൂചന. എന്നാല്‍ മറ്റു പിബി അംഗങ്ങളായ എംകെ പാന്ഥെ, മാണിക് സര്‍ക്കാര്‍, സീതാറാം യെച്ചൂരി എന്നിവര്‍ കാരാട്ടിന്റെ നിലപാടിനെ അംഗീകരിയ്‌ക്കാന്‍ തയാറായില്ല.
ഇക്കാര്യങ്ങളില്‍ സമവായത്തിലെത്താന്‍ പോളിറ്റ് ബ്യൂറോ യോഗത്തിന് സാധിയ്‌ക്കാത്ത സാഹചര്യത്തില്‍ ഈ മാസം 11, 12 തീയതികളില്‍ പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.
യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിയ്‌ക്കാന്‍ യെച്ചൂരി ഒഴികെ മറ്റൊരു നേതാവും തയാറായില്ല. യെച്ചൂരി എഴുതി തയ്യാറാക്കിയ പ്രസ്‌താവന വായിക്കുക മാത്രമാണ് ചെയ്‌തത്.












Click it and Unblock the Notifications