ജഡ്ജിയെ മന്ത്രി വിളിച്ചിട്ടില്ല: ചീഫ് ജസ്റ്റിസ്
ദില്ലി: മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ആര്‍ രഘുപതിയെ ഒരു കേന്ദ്ര മന്ത്രിയും സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍. രണ്ട് പ്രമുഖ ദേശീയ ചാനലുകള്‍ക്ക് നല്‌കിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വെളിപ്പെടുത്തയത്.
ജസ്റ്റിസ് ആര്‍ രഘുപതിയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എച്ച്‌ആര്‍ ഗോഖലെയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍ പറഞ്ഞു.
മാര്‍ക്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിയ്‌ക്കുന്നതിന് കേന്ദ്രമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു മദ്രാസ് ഹൈക്കോടതി ജഡ്‌ജിയുടെ വെളിപ്പെടുത്തല്‍ നിയമ - രാഷ്‌ട്രീയ രംഗങ്ങളില്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു.
മദ്രാസ് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ആര്‍. രഘുപതിയെ ഒരു മന്ത്രിയും വിളിച്ചിട്ടില്ല. ഏതോ മന്ത്രിക്കു കേസില്‍ താല്‍പര്യമുണ്ടെന്ന് ഒരു അഭിഭാഷകന്‍ അവകാശപ്പെടുകയാണുണ്ടായത, എന്നാണ് താന്‍ മനസ്സിലാക്കുന്നത്. -ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജൂണ്‍ 29നാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് ഒരു കേന്ദ്ര മന്ത്രി തന്നെ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചുവെന്ന് ജസ്‌റ്റിസ് ആര്‍ രഘുപതി കോടതിയില്‍ പരസ്യമായി പറഞ്ഞത്. സംഭവത്തില്‍ പ്രതിഭാഗം അഭിഭാഷകന്‍ നിരുപാധികം മാപ്പു പറയണമെന്നും അല്ലെങ്കില്‍ തന്റെമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് എഴുതുമെന്നും ജഡ്‌ജി പറഞ്ഞുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ജസ്റ്റിസ് തയ്യാറാകാഞ്ഞതോടെ ഇത് സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.
ജഡ്‌ജിയെ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചത് കേന്ദ്ര ടെലികോം മന്ത്രി എ രാജയാണെന്ന് എഐഎഡിഎംകെ നേതാവ് ജയലളിത ആരോപിച്ചത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണം മന്ത്രി ശക്തമായി നിഷേധിച്ചിരുന്നു.
ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന്, പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രിയെ തിരിച്ചറിഞ്ഞ് മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നു രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications