കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്‌ അച്ചടക്കലംഘനം നടത്തിയെന്ന് നിഗമനം

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര കമ്മിറ്റിയ്‌ക്ക്‌ മുന്നോടിയായി നടന്ന നിര്‍ണായക പോളിറ്റ്‌ ബ്യൂറോ യോഗം അവസാനിച്ചു. വിഎസ്‌ അച്ചടക്കം ലംഘനം നടത്തിയെന്ന നിഗമനമനത്തില്‍ പിബി എത്തിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. വിശദമായ ചര്‍ച്ചയാണ് പോളിറ്റ് ബ്യൂറോ യോഗത്തില്‍ നടന്നത്. വിഎസ് അച്ചടക്കലംഘനം നടത്തിയെന്ന പൊതുനിഗമനത്തിലാണ് പിബി എത്തിയതെന്നറിയുന്നു.

ഈയൊരു നിഗമനം കേന്ദ്ര കമ്മിറ്റി ശരിവെച്ചാല്‍ വിഎസിനെതിരെ ഗൗരമേറിയ അച്ചടക്ക നടപടികള്‍ ഉണ്ടാവുമെന്നാണ്‌ ഉറപ്പാണ്‌. അതേ സമയം പിണറായിക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമോയെന്ന കാര്യം അറിവായിട്ടില്ല.

പിബിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനും നടപടികള്‍ സ്വീകരിക്കാനുമായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാലു മണിക്ക്‌ ആരംഭിയ്‌ക്കും. സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തിയിട്ടുണ്ട്‌.

കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കുന്നുണ്ടോ എന്ന്‌ വിഎസിനോട്‌ ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേ സമയം പിണറായി ഒന്നും പ്രതികരിയ്‌ക്കാന്‍ തയ്യാറായില്ല.
03:25 PM

നിര്‍ണായക കേന്ദ്ര കമ്മിറ്റി തുടങ്ങുന്നു

ദില്ലി: സിപിഎം കേരളഘടകത്തിലെ സംഘടനാപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദുമെതിരെ സ്വീകരിയ്‌ക്കേണ്ട നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശം ശനിയാഴ്‌ച രാവിലെ ചേരുന്ന പോളിറ്റ്‌ ബ്യൂറോ യോഗം തീരുമാനിയ്‌ക്കും.

രാവിലെ പത്തിന്‌ പിബി യോഗവും ഉച്ചതിരിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗവും ചേരാനാണ്‌ നിശ്ചയിച്ചിരിയ്‌ക്കുന്നത്‌. രാവിലെ ചേരുന്ന പിബി യോഗം കേരള വിഷയത്തില്‍ യോജിച്ച തീരുമാനത്തിലെത്തിയേക്കും. ഈ നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ചായിരിക്കും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച നടക്കുക.

കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്ക്‌ മുന്‍പും ഇടയ്‌ക്കും പിബി ചേരുന്ന പതിവുണ്ടെങ്കിലും അത്‌ ഹ്രസ്വമാകാറാണ്‌ പതിവ്‌. കൂടിയാല്‍ ഒരു മണിക്കൂര്‍ മാത്രം നീളുന്ന പിബിയോഗത്തിനുശേഷം രാവിലെ തന്നെ കേന്ദ്ര കമ്മിറ്റി ആരംഭിക്കാറുണ്ട്‌. എന്നാല്‍ ശനിയാഴ്‌ച ഉച്ചതിരിഞ്ഞേ കേന്ദ്ര കമ്മിറ്റിയുള്ളൂ. പിബി കേരള പ്രശ്‌നം വീണ്ടും വിശദമായി ചര്‍ച്ച ചെയ്യാന്‍ പോകുന്നു എന്നാണിതിന്റെ സൂചന.

പിബി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചാല്‍ കേന്ദ്ര കമ്മിറ്റി അത്‌ അംഗീകരിയ്‌ക്കാറാണ്‌ പതിവ്‌. വോട്ടെടുപ്പിലേക്കൊന്നും കാര്യങ്ങള്‍ നീങ്ങാറില്ല. എന്നാല്‍ രാവിലെ ചേരുന്ന പിബിയിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കില്‍ സ്‌ഥിതിഗതികള്‍ സങ്കീര്‍ണമാകും. കേന്ദ്ര കമ്മിറ്റിയിലും ഭിന്നാഭിപ്രായം ഉണ്ടായേക്കാം. അഭിപ്രായസമന്വയം ഉണ്ടാകാത്ത അവസ്‌ഥയില്‍ വോട്ടെടുപ്പിലേക്കും കാര്യങ്ങള്‍ നീങ്ങിയേക്കാം.

ലാവലിന്‍ കേസ്‌ രാഷ്ട്രീയപ്രേരിതമാണ്‌ എന്ന നിലപാടില്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും അദ്ദേഹത്തോടൊപ്പമുള്ള പിബി അംഗങ്ങളും ഉറച്ചുനില്‌ക്കുകയും കേന്ദ്ര കമ്മിറ്റി ഈ വാദഗതി അംഗീകരിയ്‌ക്കുകയും ചെയ്‌താല്‍ അച്ചടക്ക നടപടിയില്‍ നിന്ന്‌ പിണറായി ഒഴിവാകും. അതേ സമയം ലാവലിന്‍ അഴിമതിക്കേസാണ്‌ എന്ന നിലപാടില്‍ കേന്ദ്ര കമ്മിറ്റി എത്തിയാല്‍ പിണറായിയെ എല്ലാ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിച്ചു നിര്‍ത്തേണ്ടതായി വരും. നിലവിലെ സാഹചര്യത്തില്‍ ഇതിനുളള സാധ്യത കുറവാണ്‌.

അതേ സമയം മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെതിരെ നടപടി ഉണ്ടാവും എന്നാണ്‌ മറുപക്ഷം ഉറപ്പായി വിശ്വസിക്കുന്നത്‌. സംഘടനാകാര്യങ്ങളുമായി ബന്ധപ്പെട്ട്‌ വിഎസിനെതിരെ ഗൗരവമേറിയ ആരോപണങ്ങളാണ്‌ നിലനില്‌ക്കുന്നത്‌. പാര്‍ട്ടിയുടെ ലെനിസ്റ്റ്‌ തത്വങ്ങള്‍ ലംഘിച്ചുവെന്നാണ്‌ കേരളത്തിലെ ഔദ്യോഗികവിഭാഗം കുറ്റപ്പെടുത്തുന്നത്‌.

വിഎസിനെതിരെയുള്ള നടപടി ശാസനയിലൊതുങ്ങുമോ അതോ പിബിയില്‍ നിന്നോ മുഖ്യമന്ത്രിപദത്തില്‍നിന്നോ ഒഴിവാക്കുന്നതു പോലുള്ള കടുത്ത നടപടികളിലെത്തുമോ എന്ന ചോദ്യം സംസ്‌ഥാനത്തെ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ആകാംക്ഷയുടെ മുള്‍മുനയിലെത്തിച്ചിട്ടുണ്ട്‌.

ഇരുനേതാക്കള്‍ക്കുമെതിരെ കൈക്കൊള്ളേണ്ട അച്ചടക്ക നടപടിയെക്കുറിച്ച്‌ പലവിധ അഭ്യൂഹങ്ങളും പ്രചരിയ്‌ക്കുന്നുണ്ട്‌. അച്ചടക്ക നടപടി ഉണ്ടായാല്‍ രണ്ടു പേര്‍ക്കെതിരെയും ഉണ്ടാവും എന്ന സൂചന തന്നെയാണ്‌ അവസാനനിമിഷങ്ങളില്‍ ലഭിയ്‌ക്കുന്നത്‌. എന്നാല്‍ ഇതിന്റെ തീവ്രത എത്രത്തോളമാണെന്നറിയാനാണ്‌ ഏവരും കാത്തിരിയ്‌ക്കുന്നത്‌.
08:40 AM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X