സിപിഎം കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കിയതടക്കമുള്ള കേന്ദ്ര കമ്മറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സിപിഎം സെക്രട്ടറിയറ്റ്, സംസ്ഥാന സമതി യോഗങ്ങള്‍ ചേരുന്നു.
സെക്രട്ടറിയറ്റ് ചൊവ്വാഴ്‌ചയും സംസ്ഥാന സമതി തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും നടക്കും. യോഗത്തില്‍ പോളിറ്റ് ബ്യൂറോ അംഗം സിതാറാം യെച്ചൂരിയും പങ്കെടുക്കും. ഇതിനായി അദ്ദേഹം ചൊവ്വാഴ്‌ച കേരളത്തിലെത്തും. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും തിങ്കളാഴ്‌ച വൈകിട്ട് തന്നെ കേരളത്തിലെത്തും.
വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനുള്ള വ്യക്‌തമായ രൂപരേഖ കേന്ദ്ര നേതാക്കള്‍ സംസ്‌ഥാന ഘടകത്തിനു മുന്നില്‍ വയ്‌ക്കും. അതേസമയം മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നു രാജി വയ്‌ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് ചില പിബി അംഗങ്ങള്‍ വിഎസിനോട് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്.
തിങ്കളാഴ്‌ച രാവിലെ ദില്ലിയില്‍ അവെയ്‌ലബിള്‍ പിബി യോഗം ചേര്‍ന്നിരുന്നു. പ്രകാശ് കാരാട്ടിനു പുറമെ എസ് രാമചന്ദ്രന്‍ പിള്ള, എംകെ പാന്ഥെ, വൃന്ദ കാരാട്ട്, കെ വരദരാജന്‍, മുഹമ്മദ് അമീന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ സംസ്‌ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് യോഗം വിലയിരുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications