സംസ്ഥാനത്തെങ്ങും വിഎസ് അനുകൂല പ്രകടനങ്ങള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രകടനങ്ങള്‍. വിഎസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഎസിന് അനുകൂലമായി പോസ്റ്ററുകളും ഫ്‌ളക്‌സുകളും ഉയര്‍ന്നുകഴിഞ്ഞു.
അച്ചടക്ക നടപടിയ്‌ക്ക് വിധേയനായ വി.എസ്.അച്യുതാനന്ദന്‍ എന്ത് നടപടിയായിരിക്കും തുടര്‍ന്ന് കൈക്കൊളളുകയെന്ന് അദ്ദേഹത്തിന്റെ അനുയായികളും കേരളത്തിലെ ജനങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. എന്നാല്‍ കേന്ദ്ര കമ്മിറ്റി തീരുമാനം അംഗീകരിയ്‌ക്കുന്നുവെന്ന വിഎസിന്റെ പരാമര്‍ശം ഉടനെയൊരു നീക്കം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിയ്‌ക്കേണ്ട എന്ന സൂചനയാണ് തരുന്നത്.
പിബി അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വത്തിനെതിരെയും കേന്ദ്രനേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കൊച്ചിയില്‍ വിവിധയിടങ്ങളില്‍ പ്രകടനം നടത്തി. കേന്ദ്ര കമ്മിറ്റി തീരുമാനം വന്നയുടനെ കാസര്‍കോഡ് നീലേശ്വരത്ത് മുപ്പതോളം പ്രകടനക്കാര്‍ വിഎസിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയിരുന്നു.
ഔദ്യോഗിക വിഭാഗത്തിന്റെ കോട്ടെയന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിലും വിഎസ് അനു കൂല പ്രകടനം നടന്നത് നേതൃത്വത്തെ ഞെട്ടിച്ചു. തിരുവനന്തപുരത്തെ കാച്ചാണിയിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും വിഎസ് അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രകടനങ്ങള്‍ നടന്നു.
മാരാരിക്കുളത്ത് രാത്രി എട്ടുമണിയോടെ ആറ് ഇരു ചക്രവാഹനങ്ങളിലായിരുന്നു പ്രകടനം. കായംകുളം, ഐക്യജംഗ്‌ഷന്‍, കൊറ്റുകുളങ്ങര എന്നിവിടങ്ങളില്‍ നടന്ന പ്രകടനത്തില്‍ നൂറോളംപേര്‍ പങ്കെടുത്തു. പലയിടത്തും പിണറായി വിജയനെതിരെയും മുദ്രാവാക്യങ്ങളുയര്‍ന്നു. പത്തനംതിട്ടയില്‍ പിണറായി വിജയന്റെ കോലം കത്തിച്ചു. പലയിടങ്ങളിലും വിഎസ് അനുകൂലികള്‍ രഹസ്യ യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ നടന്ന വിഎസ് അനുകൂല പ്രകടനത്തിനെതിരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
അതേ സമയം വിഎസിനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടക്കുമ്പോഴും അതില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ പങ്കാളിത്തം കുറവെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ സംസ്ഥാനമെങ്ങും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധപ്രകടനങ്ങളുടെ കാല്‍ ഭാഗം പോലും ഞായറാഴ്‌ച നടന്നിട്ടില്ല. പാര്‍ട്ടിയിലും പുറത്തും വിഎസ് ദുര്‍ബലനായതിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.












Click it and Unblock the Notifications