ഐബി മുന്നറിയിപ്പ്: മുംബൈ ജാഗ്രതയില്‍
മുംബൈ: മുംബൈ നഗരത്തില്‍ 26/11 മോഡല്‍ ആക്രമണം വീണ്ടും നടക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ജൂലായ് എട്ടിന് ഇന്റലിന്‍ജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടില്‍ മുംബൈയിലെ പ്രധാനപ്പെട്ട ഏഴ് സ്‌ഥലങ്ങളില്‍ ആക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതില്‍ മുംബൈയിലെ ഒരു പ്രമുഖ ബാങ്ക്, രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍, നവി മുംബൈയിലെ ഒരു പ്രധാന റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഏഴ് ലക്ഷ്യങ്ങളുടെയും ചിത്രങ്ങള്‍ അടക്കമാണ് ഇന്റലിജന്റസ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
പാകിസ്‌താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന തീവ്രവാദി സംഘടനകള്‍ മുംബൈ നഗരത്തില്‍ കടല്‍ മാര്‍ഗ്ഗം ആക്രമണം നടത്തിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം നേരത്തെ മുന്നറിയിപ്പ് നല്‌കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‌കിയിരുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയ മുംബൈയ്‌ക്കുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇത്തവണത്തേതെന്ന് ഐബി വൃത്തങ്ങള്‍ പറയുന്നു.
ജമ്മു കശ്‌മീരില്‍ സൈന്യം പിടികൂടിയ ഒരു തീവ്രവാദിയെ ചോദ്യം ചെയ്‌തപ്പോഴാണ് മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് വെളിവായതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളില്‍ നിന്ന് പിടികൂടിയ ചിത്രങ്ങളില്‍ മഹാരാഷ്‌ട്രയിലെ ഒരു പ്രമുഖ ബാങ്ക് ഉള്‍പ്പെടെയുള്ളവ ഉണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി. ചിത്രങ്ങള്‍ യഥാര്‍ത്ഥമാണെന്നും, ഇവ മഹാരാഷ്‌ട്ര സര്‍ക്കാരിന് ഇ-മെയില്‍ വഴി അയച്ചു കൊടുത്തുവെന്നും അവര്‍ അറിയിച്ചു. നാലു തീയതികളില്‍ ആക്രമണം നടന്നേയ്‌ക്കുമെന്നാണ് മുന്നറിയിപ്പ്. ഒരെണ്ണം കഴിഞ്ഞയാഴ്‌ചയായിരുന്നു.












Click it and Unblock the Notifications