ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടും
ഷാം ഈല്‍ ഷേക്ക്: തീവ്രവാദത്തിനെതിരെ ഇന്ത്യയും പാകിസ്‌താനും സംയുക്തമായി പോരാടുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും വ്യക്തമാക്കി. പതിനഞ്ചാമത് നാം ഉച്ചകോടിയ്‌ക്കിടെ ഈജിപ്‌തിലെ ഷാംഅല്‍ഷേക്കില്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് ഇരുവരും ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇരു രാജ്യങ്ങള്‍ക്കും ഇടയിലുളള മറ്റ് തര്‍ക്കങ്ങള്‍ ഭീകരവാദത്തെ ചെറുക്കുന്നതിനുളള ചര്‍ച്ചകള്‍ക്ക് വിഘാതമാകരുതെന്നും ധാരണയായി. ഒന്നര മണിക്കൂര്‍ നീണ്‌ട കൂടിക്കാഴ്‌ചയില്‍ വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണനും പങ്കെടുത്തു.
ഭീകരവാദത്തെ ചെറുക്കുന്നതിനുളള നടപടികള്‍ അടിയന്തിര പ്രധാന്യമുളളതും വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ കൈമാറേണ്‌ടതുമാണ്. അതുകൊണ്‌ടുതന്നെ മറ്റു പ്രശ്‌നങ്ങള്‍ ഭീകരവാദ ചര്‍ച്ചയ്‌ക്ക് പ്രതിബന്ധമാകരുതെന്നും ഇരുവരും വിലയിരുത്തി.
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിയ്‌ക്കും. ഭീകരവാദം സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കിടയിലുളള ചര്‍ച്ച മറ്റു വിഷയങ്ങളില്‍പെട്ട് തടസപ്പെടില്ല. സംയൂക്ത ചര്‍ച്ചകളാണ് പ്രതിസന്ധി പരിഹരിക്കുന്നതിനുളള ഏകമാര്‍ഗമെന്നു ഗിലാനി സമ്മതിച്ചു.മുംബൈ ആക്രമണത്തെക്കുറിച്ച് ഉന്നത തലത്തില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ-പാക് ചര്‍ച്ച ആണിത്.
ഭീകരവാദം ഇന്ത്യയ്‌ക്കും പാക്കിസ്ഥാനും ഒരു പോലെ ഭീഷണിയാണെന്നും കൂടിക്കാഴ്‌ചയ്‌ക്കുശേഷം നടത്തിയ സംയുക്ത പ്രസ്‌താവനയില്‍ പ്രധാനമന്ത്രിമാര്‍ പറഞ്ഞു. ജമ്മുകാശ്‌മീരിനെക്കുറിച്ച് പ്രസ്‌താവനയില്‍ പരാമര്‍ശമില്ല.












Click it and Unblock the Notifications