കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: പതിനേഴ്‌ വര്‍ഷത്തെ സുദീര്‍ഘമായ അന്വേഷണത്തിന്‌ ശേഷം അഭയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കുറ്റപത്രത്തില്‍ നാല്‌ പേരുടെ പങ്ക് വ്യക്തമായി സിബിഐ വിശദീകരിച്ചിട്ടുണ്ടെന്നാണ്‌ വിവരം. 20 പേജുകളുള്ള കുറ്റപത്രം അന്വേഷണോദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി നന്ദകുമാര്‍ നായരാണ് പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.

ഒന്നാം പ്രതി ഫാദര്‍ തോമസ്‌ കോട്ടൂര്‍, രണ്ടാം പ്രതി ജോസ് പൂതൃക്കയില്‍‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക്‌ പുറമെ സിബിഐ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്‌ത പോലീസ്‌ കോണ്‍സ്‌റ്റബിള്‍ വിവി അഗസ്റ്റിന്‍ എന്നിവരുടെ പേരുകളാണ്‌ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അന്തരിച്ചയാളുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ അപൂര്‍വമാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

സിസ്‌റ്റര്‍ അഭയയെ ആദ്യ മൂന്ന്‌ പ്രതികളും ചേര്‍ന്ന്‌ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞുവെന്നാണ്‌ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. വിവി അഗസ്റ്റിന്‍ കേസില്‍ തെളിവ് നശിപ്പിയ്ക്കാന്‍ ആസൂത്രിതമായി നീക്കം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പയസ്‌ ഗാര്‍ഡന്‍ കോണ്‍വെന്റിലെ അന്തേവാസികളായിരുന്ന സിസ്റ്റര്‍ ഷേര്‍ളി,അച്ചാമ്മ, ത്രേസ്യാമ്മ, കേസ്‌ രണ്‌ ടാമത്‌ അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥന്‍ കെടി മൈക്കിള്‍ എന്നിവരെ നാര്‍കോഅനാലിസിസ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ ശേഷം വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.

1992 മാര്‍ച്ച്‌ 27നാണ് കോട്ടയത്തെ പയസ്‌ടെന്‍ത്‌ കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. സിബിഐ അടക്കം പന്ത്രണ്ടോളം അന്വേഷണ സംഘങ്ങള്‍ അഭയ കേസ്‌ അന്വേഷിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കേസന്വേഷിയ്ക്കുന്ന ഉദ്യോഗസ്ഥനായ നന്ദകുമാറാണ്‌ പ്രതികളെ അറസ്റ്റു ചെയ്യുന്നതടക്കമുള്ള നിര്‍ണായകമായ മുന്നേറ്റങ്ങള്‍ നടത്തിയത്‌.

അഭയയുടേത്‌ കൊലപാതകമാണെന്ന്‌ നേരത്തെ കേസ്‌ അന്വേഷിച്ച്‌ സിബിഐ സംഘങ്ങള്‍ മൂന്ന്‌ തവണ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‌കിയിരുന്നു. എന്നാല്‍ ഓരോ തവണയും പ്രതികളെ പിടിയ്‌ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു സിബിഐ കോടതിയില്‍ പറഞ്ഞത്‌. എന്നാല്‍ ഈ വാദത്തെ നിശിതമായി വിമര്‍ശിച്ച കോടതികള്‍ സിബിഐയുടെ വിശ്വാസ്യതയില്‍ വരെ സംശയം പ്രകടിപ്പിച്ചിരുന്നു.

ഒരു കേസുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ പരമോന്നത അന്വേഷണ ഏജന്‍സി ഇതിന്‌ മുമ്പ്‌ ഇത്രയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതും അഭയ കേസിലാണ്‌.

പ്രതികളെ നാര്‍ക്കോ പരിശോധനക്ക്‌ വിധേയമാക്കിയത്‌ ചിത്രീകരിച്ച സിഡികളില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണങ്ങള്‍ പുകഞ്ഞ്‌ കത്തിക്കൊണ്ടിരിയ്‌ക്കുന്നതിനിടെയാണ്‌ കുറ്റപത്രം കോടതിയിയില്‍ സമര്‍പ്പിച്ചിരിയ്‌ക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസവും ജസ്റ്റിസ്‌ ഹേമ സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിയ്ക്കുന്നത് നീണ്ടതോടെ കേസില്‍ അറസ്‌റ്റിലായ മൂന്ന്‌‌ പ്രതികള്‍ക്ക്‌ ജാമ്യം ലഭിയ്‌ക്കുന്നതിനും സഹായകമായി.

നാര്‍ക്കോ സിഡികളിലെ തിരിമറികള്‍ പ്രതികളെ രക്ഷിയ്‌ക്കാനാണെന്ന വാദവും അതല്ല, സിബിഐയും ഫോറന്‍സിക്ക്‌ ലാബും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്തായാലും കുറ്റപത്രം കോടതിയിലെത്തിയതോടെ കേസിലെ മൂന്ന്‌ പ്രതികള്‍ക്കും വിചാരണ നേരിടേണ്ടി വരുമെന്ന്‌ ഉറപ്പായി കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X