തെറ്റായ പ്രചാരണങ്ങളില്‍ ഒലിച്ചു പോകില്ല: പിണറായി
തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളില്‍ ഒലിച്ചു പോകുന്നവനല്ല താനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ട്. അതു കൊണ്ട് തന്നെ പേടിയുമില്ല. തെറ്റു ചെയ്‌തവര്‍ക്ക് ഭയപ്പെട്ടാല്‍ മതി. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പിണറായി വിജയന്‍ സിപിഎം സംസ്ഥാനസമിതിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടിയായി പറഞ്ഞു.
തന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ആദ്യം സമ്പന്നരുടെ ആളായി ചിത്രീകരിച്ചു, പിന്നീട് അഴിമതിക്കാരുടേയും മാഫിയകളുടേയും സ്വന്തക്കാരനെന്ന് മുദ്രകുത്തി.
താന്‍ ഈ നാട്ടുകാരന്‍ തന്നെയാണ്. ഇവിടെത്തന്നെയാണു ജീവിക്കുന്നതും. ഇപ്പോഴൊന്നും തുടങ്ങിയതല്ല ഈ വേട്ടയാടല്‍. എത്രയോ വര്‍ഷങ്ങളായി തുടരുന്നു. തനിക്കെതിരെ മാത്രമല്ല, പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കെതിരെയും ഇത്തരം വേട്ടയാടലുകള്‍ ഉണ്ടായിട്ടുണ്ട. ലാവലിന്‍ പ്രശ്‌നത്തിന് മുമ്പേ തന്നെയും കുടുംബത്തേയും വിവാദങ്ങളിലേക്കു വലിച്ചിഴച്ചിട്ടുണ്‌ട്. അത്തരം ആരോപണങ്ങളൊക്കെ എന്തായി എന്നു ചിന്തിക്കണം. അത്തരം പ്രചാരണം കൊണ്ടൊന്നും ഒലിച്ചു പോകുന്നവനല്ല താനെന്നും പിണറായി പറഞ്ഞു.
സിപിഎം പഠനക്യാമ്പില്‍ പങ്കെടുക്കാന്‍ എന്‍ മാധവന്‍കുട്ടിയെ ക്ഷണിച്ചത് ശരിയായില്ലെന്ന വിഎസ് പക്ഷത്തിന്റെ നിലപാട് പ്രകാശ് കാരാട്ട് സംസ്ഥാന കമ്മിറ്റിയില്‍ അംഗീകരിച്ചതും ശ്രദ്ധേയമായി. കാരാട്ട് അടക്കം മൂന്ന് പിബി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു രണ്‌ടു ദിവസത്തെ സംസ്ഥാന സമിതി നടന്നത്.
മുഖ്യമന്ത്രി വിഎസ്.അച്യുതാനന്ദനെതിരെ മാത്രം നടപടി കൈക്കൊണ്‌ട സിപിഎം കേന്ദ്രകമ്മറ്റി തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിക്കൊണ് വ്യാഴാഴ്‌ച കെ ചന്ദ്രന്‍പിളളയും രംഗത്തെത്തി. വിഎസിനെതിരെ മാത്രം നടപടി എടുത്തത് ശരിയല്ലെന്ന് സംസ്ഥാന കമ്മറ്റി ചര്‍ച്ചയില്‍ പങ്കെടുത്ത് ചന്ദ്രന്‍പിളള പറഞ്ഞു.
ലാവലിന്‍ കരാറിന്റെ കാര്യം പാര്‍ട്ടി യോഗങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്‌ത് നയപരമായ തീരുമാനം എടുത്തിട്ടില്ല. ചുരുങ്ങിയ പക്ഷം താന്‍ അംഗമായ വേദികളിലെങ്കിലും അത്തരം ചര്‍ച്ച നടന്നിട്ടില്ല. ലാവലിന്‍ ഇടപാടില്‍ ആരോപണ വിധേയനായ സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെയും നടപടി വേണമെന്ന പൊതു വികാരം പാര്‍ട്ടി പ്രവര്‍ത്തകരിലും സമൂഹത്തിലും നിലനില്‍ക്കുന്നുണ്‌ട്. സംസ്ഥാനത്തെ വിഭാഗീയതയ്‌ക്ക് ന്യൂനപക്ഷത്തിന് മാത്രമല്ല ഭൂരിപക്ഷത്തിനും പങ്കുണ്‌ടെന്നും ചന്ദ്രന്‍ പിളള പറഞ്ഞു. സംസ്ഥാന സമിതിയുടെ ആദ്യ ദിവസത്തെ ചര്‍ച്ചയില്‍ മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തിയിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലഭിയ്‌ക്കേണ് ട പണം നേടിയെടുക്കുന്നതില്‍ താന്‍ വീഴ്‌ച വരുത്തിയെന്ന പി.ജയരാജന്റെ ആരോപണം തെറ്റാണെന്ന് മന്ത്രി എസ്.ശര്‍മയും പറഞ്ഞു.
ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷമുള്ള സംസ്ഥാന സമതിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ ബഹുഭൂരിപക്ഷവും വിഎസ്സിനെതിരായ നടപടിയ്‌ക്കനുകൂലമായ നിലപാടാണെടുത്തത്. വെള്ളിയാഴ്‌ച മുതല്‍ മേഖലാ തല റിപ്പോര്‍ട്ടിങ്ങുകള്‍ തുടങ്ങും. കേന്ദ്ര ഘടകത്തില്‍ നിന്ന് എസ് രാമചന്ദ്രന്‍ പിള്ളയും സീതാറാം യെച്ചൂരിയും റിപ്പോര്‍ട്ടിങ്ങിന് എത്തിയിട്ടുണ്ട്. മേഖലാതലറിപ്പോര്‍ട്ടിങ്ങിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സ്വീകരിക്കേണ്‌ട നടപടികളെക്കുറിച്ചും സംസ്‌ഥാന സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്‌തു. പാര്‍ട്ടിയും ഭരണവും തമ്മിലുള്ള ഏകോപനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സെക്രട്ടേറിയറ്റും സംസ്‌ഥാനസമിതിയും ചേരാനും വ്യാഴാഴ്‌ച അവസാനിച്ച സംസ്ഥാന സമിതിയില്‍ തീരുമാനമായി.
വിഎസിനെതിരായ നടപടി റിപ്പോര്‍ട്ട് ചെയ്‌ത യോഗം പാര്‍ട്ടിയേയും ഭരണത്തേയും മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതികളേക്കുറിച്ചും ആലോചനകള്‍ നടത്തി. ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടി ശക്‌തമായ പ്രചാരണം നടത്തുക, ഇടതുമുന്നണിയിലെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുക, പാര്‍ട്ടി-ഭരണ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനസമിതി അംഗീകരിച്ചത്.












Click it and Unblock the Notifications