പിഡിപി ബന്ധത്തിനെതിരെ പ്രകാശ് കാരാട്ട്
കൊച്ചി: കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിഡിപി ബന്ധം പാര്‍ട്ടിയ്ക്ക് ദോഷം ചെയ്തെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായയെയാണ് ഇത് ബാധിച്ചത്. പിഡിപി ബന്ധം പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
പാര്‍ട്ടിയുടെ മധ്യമേഖലാ റിപ്പോര്‍ട്ടിങ്ങിനിടയിലാണ് പ്രകാശ് കാരാട്ട് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. തെറ്റ് കണ്ടാല്‍ പാര്‍ട്ടി തിരുത്തും. തെറ്റ് തിരിച്ചറിയുകയും അത് സമ്മതിയ്ക്കുകയും പരിഹരിയ്ക്കുകയും ചെയ്യുന്നത് പാര്‍ട്ടിയുടെ സ്വഭാവമാണ്. ജനപ്രീതി നേടാന്‍ ഈ തിരുത്തലുകള്‍ സഹായിയ്ക്കും.
ഘടക കക്ഷികള്‍ വിട്ടുപോകുന്നത് പാര്‍ട്ടി തടയേണ്ടതായിരുന്നു. തിരുത്തല്‍ നടപടികളുടെ രൂപരേഖ കേന്ദ്രകമ്മറ്റിയായിരിയ്ക്കും തയാറാക്കുക. പാര്‍ട്ടിയിലെ എല്ലാത്തലത്തിലും ഈ നടപടി നടപ്പാക്കും.
വെള്ളിയാഴ്ച നടന്ന മറ്റൊരു റിപ്പോര്‍ട്ടിങ്ങില്‍ ഇതിനേക്കാള്‍ കടുത്ത ഭാഷയിലാണ് കാരാട്ട് സംസാരിച്ചത്. പാര്‍ട്ടിയിലെ നേതൃസ്ഥാനത്തുള്ള പുതു തലമുറയിലെ സഖാക്കള്‍ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നായിരുന്നു കാരാട്ടിന്റെ അഭഇപ്രായം. പല നേതാക്കളും പാര്‍ട്ടിയുടെ ഉന്നതങ്ങളിലെത്തിയത് വൃത്തികെട്ട വിഭാഗീയത കളിച്ചാണ്. ഇത്തരത്തിലുള്ള നേതാക്കള്‍ക്ക് അവരുടേതായ സംഘങ്ങളുമുണ്ട്. കേരള ഘടകത്തില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നതായാണ് താന്‍ മനസ്സിലാക്കുന്നതെന്നും പറയാന്‍ കാരാട്ട് മറന്നില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മധ്യമേഖലാ റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തു.
പാലക്കാട്, തൃശൂറ്‍, ഏറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രതിനിധികളാണ് മധ്യമേഖലാ റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications