അഭയ കൊല്ലപ്പെട്ടതാകാം: ബിഷപ്പ്
കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാകാമെന്ന് സംഭവം അറിഞ്ഞപ്പോള്‍ തന്നെ സംശയം ഉണ്ടായിരുന്നതായി മുന്‍ ബിഷപ്പ് കുര്യോക്കോസ് കുന്നശ്ശേരി സിബിഐക്ക് മൊഴി നല്‌കി. അഭയ കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിഷപ്പിന്റെ മൊഴി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിബിഐയുടെ ഭാഗത്തു നിന്നുള്ള 57ാം സാക്ഷിയാണ് ബിഷപ്പ്.
പ്രതികള്‍ക്ക് നടത്തിയ ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ അനാലിസിസ് എന്നീ ശാസ്‌ത്രീയ പരിശോധനഫ ലങ്ങളുടെ അടിസ്ഥാനത്തില്‍ 71 പേജുവരുന്ന കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റകൃത്യത്തില്‍ പ്രതികള്‍ക്ക് പങ്കുണ്‌ടന്ന് ബ്രെയിന്‍ മാപ്പിങ്ങില്‍ വ്യക്തമായതായും ഇത് പിന്നീട് നാര്‍ക്കോ പരിശോധനയില്‍ സാധൂകരിക്കപ്പെട്ടുവെന്നും സിബിഐ കോടതിയെ അറിയിക്കുന്നു.
അഭയ കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഇതായിരുന്നു തനിയ്‌ക്ക് മനസ്സില്‍ തോന്നിയത്. അങ്ങനെയൊരു തോന്നല്‍ തികച്ചു സ്വഭാവികമായിരുന്നു. കാരണം ഒരു കാരണവശാലും അഭയ ആത്മഹത്യ ചെയ്യില്ലെന്ന് എനിയ്‌ക്ക് ഉറപ്പായിരുന്നു. അഭയയുടെ മരണത്തെക്കുറിച്ച് മുന്‍ ബിഷപ്പ് ഇങ്ങനെയാണ് സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ എന്തുകൊണ്‌ടാണ് ഇത്തരം നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല.സംഭവദിവസം രാവിലെ എട്ടു മണിയ്‌ക്ക് തന്നെ ഫാദര്‍ തോമസ് കോട്ടൂര്‍ തനിയ്‌ക്ക് ഫോണ്‍ ചെയ്‌തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റ് കേന്ദ്രമാക്കി വൈദികരായ ഫാദര്‍ തോമസ് കോട്ടൂരും ജോസ് പൂതൃക്കയിലും നടത്തിയിരുന്ന അനാശാസ്യ ബന്ധങ്ങളെക്കുറിച്ചും സിബിഐ ബിഷപ്പിനോട് വിശദമായി ചോദിച്ചിണ്ട്.
കേസിലെ പ്രതികളായ രണ്ടു പുരോഹിതരും രാത്രികാലങ്ങളില്‍ പയസ് ടെണ്‍ത് കോണ്‍വെന്റില്‍ പോകാറുണ്‌ടായിരുന്നു. ഇവരുമായി ബന്ധമുണ്‌ടായിരുന്നെന്ന് സി.സെഫിയും ബ്രെയിന്‍ മാപ്പിങ് പരിസോധനയില്‍ സമ്മതിക്കുന്നുണ്‌ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ബിഷപ്പിന് പുറമേ, 58, 59 സാക്ഷികളായ ഫാദര്‍ ജോസ് ചാഴിക്കാട്, ഫാദര്‍ ബേബി മൈക്കിള്‍, അഭയയെ അവസാനം കണ്‌ട സിസ്‌റ്റര്‍ അനുപമ എന്നിവരും അത്മഹത്യയെന്ന വാദം അംഗീകരിക്കുന്നില്ല. കേസിനോട് കോട്ടയം അതിരൂപത ആരോഗ്യകരമായ സമീപനമല്ല സ്വീകരിച്ചെന്ന് ഫാദര്‍ ബേബി മൈക്കിള്‍ പറയുന്നുണ്ട്.
അഭയ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് ഫാദര്‍ ജോസ് ചാഴിക്കാടനും ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവുമില്ലെന്ന് സിസ്‌റ്റര്‍ അനുപമയും മൊഴി നല്‍കിയിരിക്കുന്നു.
അഭയ കൊല്ലപ്പെട്ട ദിവസം രാത്രി കോട്ടയം പയസ് ടെണ്‍ത് കോണ്‍വെന്റില്‍ മോഷണത്തിനെത്തിയ അടയ്‌ക്കാ രാജുവും ഫാദര്‍ തോമസ് കോട്ടൂരിനെ കോണ്‍വെന്റില്‍ കണ്‌ടതായി മൊഴി നല്‍കിയിട്ടുണ്‌ട്. കോണ്‍വെന്റിലെ നിത്യസന്ദര്‍ശകനായിരുന്നു ഫാദര്‍ കോട്ടൂരെന്ന് നാലാം സാക്ഷി സഞ്‌ജു പി മാത്യുവും മൊഴി നല്‌കിയിട്ടുണ്ട്.കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടന്നതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications