കസബ് കോടതിയില്‍ കുറ്റം സമ്മതിച്ചു
മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ ഏക ഭീകരന്‍ അജ്‌മല്‍ കസബ് കോടതിയില്‍ കുറ്റം സമ്മതിച്ചു. മുംബൈയിലെ പ്രത്യേക കോടതിയിലെ വിചാരണയ്‌ക്കിടെയാണ് കസബ് കുറ്റം സമ്മതിച്ചത്.ലഷ്‌കര്‍ ഇ തോയിബ തലവന്‍ സാഖി ഉര്‍ റഹ്മാനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കസബ് കോടതയില്‍ വെളിപ്പെടുത്തി.
പാകിസ്ഥാനില്‍ നിന്നും മറ്റ് ഒമ്പത് ഭീകരരോടൊപ്പം ബോട്ടില്‍ തന്റെ യാത്ര വിവരിച്ച കസബ് സി എസ് ടി റെയില്‍വേ സ്റ്റേഷനിലും കാമ ആശുപത്രിയിലും നടത്തിയ ആക്രമണങ്ങളും കോടതിയില്‍ ഏറ്റുപറഞ്ഞു. ഇതാദ്യമായാണ് അജ്‌മീര്‍ കസബ് കോടതിയില്‍ കുറ്റം സമ്മതിക്കുന്നത്. കസബിന്റെ കുറ്റസമ്മതം അപ്രതീക്ഷിതമായിരുന്നുവെന്ന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു. "മുജെ മേരാ ഗുണ്‍ഹാ കാബൂല്‍ഹെ(ഞാന്‍ എന്റെ കുറ്റം സമ്മതിക്കുന്നു)" എന്ന് പറഞ്ഞു കൊണ്ടാണ് കസബ് കോടതിയില്‍ തന്റെ പങ്കിനെ കുറിച്ച് പറയാന്‍ ആരംഭിച്ചത്.
കടല്‍മാര്‍ഗം മുംബയിലെത്തിയ ശേഷം വിവിധ സംഘങ്ങളായി പിരിഞ്ഞ തങ്ങളെ താജ്, ഒബ്‌റോയ് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള നാല് പ്രധാന സ്ഥലങ്ങളിലേക്ക് ലാഖ്‌വി എത്തിക്കുകയായിരുന്നു. മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനലിലും, കാമ ആശുപത്രിയിലും വെടിവയ്‌പ് നടത്തിയതായും കസബ് വെളിപ്പെടുത്തി. ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് മുംബയ് ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയും, മറ്റു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും വെടിവച്ച് കൊന്നതെന്നും കസബ് സമ്മതിച്ചിരുന്നു.
അജ്‌മല്‍ കസബ് സ്വന്തം പൗരനാണെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സമ്മതിച്ചിരുന്നു. കസബിനു പുറമേ ഇമ്രാന്‍ ബാബര്‍, അബ്‌ദുര്‍ ഖാദര്‍ എന്നിവരും പാക് പൗരന്മാരാണെന്ന് ഡി എന്‍ എ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്‌ക്ക് കൈമാറിയ തെളിവില്‍ പാകിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications