മലയാളികളെ പീഡിപ്പിച്ച എംഎല്‍എ റിമാന്‍ഡില്‍
ഹൈദരാബാദ്: മലയാളി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിയ്‌ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ടിഡിപി എംഎല്‍എ ടിവി രാമറാവു ആശുപത്രി വിട്ടു. കേസുമായി ബന്ധപ്പെട്ട് രാമറാവുവിനെ തിങ്കളാഴ്‌ച വൈകിട്ട് പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു. എന്നാല്‍ നെഞ്ച് വേദനയുണ്ടെന്ന് രാമറാവു പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ രാത്രി തന്നെ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രാമറാവുവിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹത്തിന്റെ ഹൃദയം സാധാരണഗതിയില്‍ പ്രവര്‍ത്തിയ്‌ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‌കിയതിന്റെ അടിസ്ഥാനത്തിലാണ് രാമറാവുവിനെ ജയിലിലേക്ക് മാറ്റിയത്.
പീഡനക്കേസില്‍ അറസ്റ്റിലായ രാമറാവുവിനെ ആഗസ്റ്റ് 3 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്‌ച ഉത്തരവിട്ടിരുന്നു.
രാമറാവുവിന്റെ ഉടമസ്‌ഥതയില്‍ പശ്‌ചിമ ഗോദാവരിയിലുള്ള ടിവിആര്‍ നഴ്‌സിംഗ് കോളേജിലെ അഞ്ച് മലയാളിവിദ്യാര്‍ത്‌ഥിനികള്‍ സംസ്‌ഥാന ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശകമ്മിഷനും നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് അറസ്‌റ്റ്.
ഈ കോളെജിലെ തന്നെ ഒരു വിദ്യാര്‍ത്‌ഥിനിയെ മാനഭംഗപ്പെടുത്തി കൊന്ന സംഭവവുമായി ബന്‌ധപ്പെട്ട് പൊലീസ് കേസ് എടുത്തെങ്കിലും തെളിവില്ലാത്തതിനാല്‍ തുടര്‍ നടപടി ഉണ്ടായില്ല. എന്നാല്‍ ജൂലായ് നാലിന് മലയാളി വിദ്യാര്‍ത്‌ഥിനികള്‍ രക്ഷിതാക്കളോടൊപ്പം ആഭ്യന്തരമന്ത്രി സബിത ഇന്ദ്രറെഡ്‌ഡിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയതോടെയാണ് എംഎല്‍എയുടെ പീഡനകഥകള്‍ പുറംലോകമറിഞ്ഞത്.
കേസ് വിവാദത്തിലായതോടെ ഗവര്‍ണറെ സന്ദര്‍ശിച്ച രാമറാവു അദ്ദേഹത്തിന്റെ കാലില്‍ വീണ് കരഞ്ഞതും വന്‍ വാര്‍ത്തയായി മാറിയിരുന്നു.












Click it and Unblock the Notifications