മുരളിയുടെ ദില്ലി യാത്ര വെറുതെയാകും: തങ്കച്ചന്‍
തിരുവനന്തപുരം: കേരളത്തില്‍ എന്‍സിപിയെ യുഡിഎഫിലെത്തിയ്‌ക്കുന്നതിന് വേണ്ടി കെ മുരളീധരന്‍ ദില്ലിയ്‌ക്ക് പോകുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ യു ഡി എഫ് മുന്നണിയിലെ കാര്യങ്ങള്‍ സംസ്ഥാനത്തു തന്നെയാണ് തീരുമാനിക്കുക. എല്ലാ ഘടകകക്ഷികളും യോജിച്ചാണ് എന്‍സിപിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ മുരളിയുടെ ദില്ലി യാത്ര വെറുതെയാകും. അതേസമയം, കോണ്‍ഗ്രസില്‍ ചേരണമെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിയ്‌ക്കുകയാണെങ്കില്‍ ചിലപ്പോള്‍ സാധിച്ചേക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.
യുഡിഎഫ് പ്രവേശനം ഉറപ്പാക്കിയ വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളിന്റെ ആഗോള വത്‌കരണ വിരുദ്ധ നിലപാടുകളില്‍ മാറ്റം വന്നതായി തങ്കച്ചന്‍ പറഞ്ഞു. കോണ്‍ഗ്രസിനും യുഡിഎഫിനും അതു ബോധ്യപ്പെട്ടു. ദള്‍ നിലപാടുകള്‍ മാറ്റിയില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications