കോടതിയ്‌ക്ക് എന്നെ തൂക്കിലേറ്റാം: കസബ്
മുംബൈ: ചെയ്‌ത കുറ്റത്തിന് കോടതിയ്‌ക്ക് വേണമെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബ്.
കുറ്റസമ്മതത്തിനായി ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ഉണ്ടായിട്ടില്ലെന്നും ഒരു തരത്തിലുള്ള പീഡനങ്ങളും നടന്നിട്ടില്ലെന്നും കസബ് കോടതിയില്‍ വ്യക്തമാക്കി.
മാനസികമായി പീഡിപ്പിച്ചതിനാലാണ് കസബ് കോടതിയില്‍ കുറ്റസമ്മതം നടത്തിയതെന്ന് കസബിന്റെ അഭിഭാഷകനായ അബ്ബാസ് കസ്‌മി ചൊവ്വാഴ്‌ച വാദിച്ചിരുന്നു. ഇതിന് വിരദ്ധമായ മൊഴിയാണ് ബുധനാഴ്‌ച കസബ് കോടതിയില്‍ നല്‍കിയത്.
ശിക്ഷയില്‍ ഇളവു കിട്ടാന്‍ വേണ്ടിയല്ല കുറ്റസമ്മതം നടത്തിയിരിക്കുന്നത്. കോടതിയ്‌ക്ക് എന്റെ വധശിക്ഷ നടപ്പാക്കാം- കസബ് പറഞ്ഞു. തിങ്കളാഴ്‌ചയായിരുന്നു നാടകീയമായി കസബ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്.
താന്‍ പാക് പൗരനാണെന്ന് പാകിസ്‌താന്‍ സമ്മതിച്ചതിനാലാണ് കുറ്റസമ്മതം നടത്തുന്നതെന്നായിരുന്നു കസബ് പറഞ്ഞത്. മുംബൈയിലെ സിഎസ്‌ടിയില്‍ ആക്രമണം നടത്തിയതിനെക്കുറിച്ചും പാകിസ്‌താനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയതിനെക്കുറിച്ചും ഉള്ള വിശദ വിവരങ്ങളും കസബ് കോടതിയില്‍ ജഡ്‌ജിയ്‌ക്കു മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം കസബിന്റെ കുറ്റസമ്മതത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢലക്ഷ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം ആവശ്യപ്പെട്ടു. കസബിനെ വധശിക്ഷയ്‌ക്ക് വിധിക്കണമെന്നും നിഗം വാദിച്ചു.












Click it and Unblock the Notifications