ഉച്ചക്കഞ്ഞിപ്പാത്രത്തില്‍ വീണ് കുട്ടി മരിച്ചു
റാഞ്ചി: ജാര്‍ഖണ്ഡിലെ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണപ്പാത്രത്തില്‍ വീണ് ഏഴ് വയസ്സുകാരി മരിച്ചു. ഒന്നാം ക്ലാസുകാരിയായ അഫ്‌സാരി പര്‍വീണ്‍ ആണ് മരിച്ചത്.
കൊല്‍ഹാരിയ കനാഡ് ഗ്രാമത്തില്‍ തിങ്കളാഴ്‌ചയായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കാനായി തയ്യാറാക്കിവച്ചിരുന്ന കഞ്ഞിയില്‍ വീണാണ് മരണം. കഞ്ഞി വാങ്ങാനായി വരിയില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും കുട്ടികള്‍ തിക്കും തിരക്കും ഉണ്ടാക്കിയതിനെത്തുടര്‍ന്നാണ് കുട്ടി പാത്രത്തില്‍ വീണതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌കൂള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് താക്കീതെന്ന നിലയില്‍ സ്ഥലം മാറ്റം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് പ്രദീപ് ചൗബെ അറിയിച്ചു.
ഇതിനിടെ സംഭവം നടന്നത് തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയ്‌ക്കല്ലെന്നും സൗജന്യമായി കിട്ടുന്ന ഭക്ഷണത്തിനായി സമീപത്തുനിന്നും ഈ കുട്ടി പതിവായി സ്‌കൂളില്‍ എത്താറുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത് കുട്ടിയെ ഈ സ്‌കൂളില്‍ ചേര്‍ക്കുകയും അവിടെനിന്നും അവള്‍ക്ക് പുസ്‌തകങ്ങള്‍ നല്‍കുകയും ചെയ്‌തിട്ടുണ്ടെന്നാണ്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് 10,000 രൂപ അടിയന്തര ധനസഹായം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications