കോഴിക്കോട് സ്‌ഫോടനം: മുഖ്യ പ്രതി പിടിയില്‍

സംസ്ഥാനത്ത് 1998 മുതല്‍ ഉണ്ടായ തീവ്രവാദ കേസുകളില്‍ പ്രതിയും 2006ല്‍ കോഴിക്കോട്ട് നടന്ന ഇരട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയുമായ അബ്ദുള്‍ ആലിമാണ് ബുധനാഴ്‌ച കൊച്ചിയില്‍ അറസ്റ്റിലായത്.
2006 മാര്‍ച്ചില്‍ കോഴിക്കോട് ബസ്‌റ്റാന്റില്‍ നടന്ന ഇരട്ടസ്‌ഫോടനങ്ങളില്‍ തനിക്ക് പങ്കുള്ളതായി ഇയാള്‍ സമ്മതിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം പറഞ്ഞു.
കളമശേരി ബസ് കത്തിക്കല്‍, കണ്ണൂരിലെ വിനോദ് കൊലപാതകം, ആസാദ് കൊലപാതകം, കള്ളനോട്ട് കേസ്, ആലുവയിലെ വാഹന മോഷണം എന്നീ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
എറണാകുളം കളക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. എന്നാല്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് തെളിവുകളൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് 98 മുതല്‍ സംസ്ഥാനത്ത് നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഇതിന്റെ ഭാഗമായി അറുനൂറുപേരെ ചോദ്യം ചെയ്യുകയുണ്ടായി. ഇങ്ങനെയാണ് കോഴിക്കോട് ബസ് സ്‌റ്റാന്റ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആലിമിനെ കസ്റ്റഡിയിലെടുത്തത്. ബോംബ് നിര്‍മ്മാണ വിദഗ്‌ധനാണ് ഇയാള്‍.
സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നേതാവ് നസീറിന്റെ അടുത്ത അനുയായിയാണ് ആലിം. നൂറിഷ ത്വരീക്കത് എന്ന ഇവരുടെ കൂട്ടായ്‌മയില്‍ ഏഴ് അംഗങ്ങളുണ്ട്. കോഴിക്കോട് സ്‌ഫോടനങ്ങളുടെ പിന്നില്‍ ഈ ഏഴ് അംഗങ്ങളുമുണ്ടായിരുന്നു.
ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇവര്‍ യോഗം ചേര്‍ന്നിട്ടുണ്ട്. മുന്‍കാല പിഡിപി പ്രവര്‍ത്തകന്‍ കൂടിയാണ് ആലിം. ഇയാളില്‍ നിന്നും ലഭിക്കുന്ന മറ്റു വിവരങ്ങള്‍ വച്ച് ശേഷിക്കുന്നവരെക്കൂടി പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.












Click it and Unblock the Notifications