മന്ത്രിയെ ചീത്ത വിളിച്ചു ഓഫീസര്‍ കുരുക്കിലായി
കണ്ണൂര്‍: ആരോഗ്യമന്ത്രി പി.കെ ശ്രീമതി വിളിച്ചുചേര്‍ത്ത ചടങ്ങിന് മദ്യപിച്ചെത്തി മന്ത്രിയോട് മോശമായി പെരുമാറിയ വില്ലേജ് ഓഫീസറെ ചുമതലയില്‍ നിന്നും താല്‍ക്കാലികമായി നീക്കി.
പെരിന്തട്ട വില്ലേജ് ഓഫീസര്‍ വി സജീവനെ(35)യാണ് മദ്യപിച്ച് ചടങ്ങിനെത്തിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ പദവിയില്‍ നിന്നും നീക്കിയത്. ചൊവ്വാഴ്‌ച സര്‍ക്കാര്‍ ഓഫീസിന് അവധിയായതിനാല്‍ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. ഇയാളുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് ബുധനാഴ്‌ചയുണ്ടാകുമെന്നാണ് വിവരം.
ചെറുപുഴയില്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചയാളുടെ വീട്ടില്‍ ധനസഹായവിതരണത്തിന് നേരം വൈകിയെത്തിയ മന്ത്രി ശ്രീമതിയെ സജീവന്‍ ശകാരിക്കുകയായിരുന്നുവത്രേ. പെരിന്തട്ടയില്‍ ഒഴുക്കില്‍പ്പെട്ടുമരിച്ച കുതിരുകാരന്‍ അമ്പുവിന്റെ വീട്ടില്‍ മന്ത്രിയെത്തിയപ്പോഴായിരുന്നു വില്ലേജ് ഓഫീസറുടെ രോഷപ്രകടനം.
12മണിക്ക് എത്തുമെന്നറിയിച്ച മന്ത്രി രണ്ടുമണിക്കൂര്‍ വൈകിയാണ് എത്തിയത്. ഈ സമയത്ത് മദ്യലഹരിയിലായിരുന്ന സജീവന്‍ മന്ത്രിയെ ശകാരിച്ചുവെന്നാണ് ആരോപണം. മന്ത്രിയോട് കയര്‍ത്ത ഇയാളെ മറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുകയായിരുന്നുവത്രേ.
സംഭവത്തെക്കുറിച്ച് കളക്ടര്‍ റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന തളിപ്പറമ്പ് അഡീഷണല്‍ തഹസില്‍ദാര്‍ സി പി ശ്രീധരന്‍ അസുഖത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജില്‍ ചികത്സയിലാണ്. അദ്ദേഹം തിരിച്ചെത്തി റിപ്പോര്‍ട്ട് അയയ്‌ക്കുന്നതുവരെ കാത്തിരിക്കാതെയാണ് അടിയന്തിര പ്രാധാന്യത്തോടെ കളക്ടര്‍ നടപടി സ്വീകരിച്ചത്.












Click it and Unblock the Notifications