മായാവതിയ്‌ക്കും ലാലുവിനും സുരക്ഷ തുടരും
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് എന്നിവരുടെ സുരക്ഷ വെട്ടിച്ചുരുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രമന്ത്രി പൃഥ്വിരാജ് ചൗഹാന് വേണ്ടി രാജ്യസഭയില്‍ ഡപ്യൂട്ടി സ്‌പീക്കര്‍ റഹ്മാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. നേതാക്കളുടെ സുരക്ഷ വെട്ടിച്ചുരുക്കുന്നതില്‍ ആശങ്കയറിയിച്ചുകൊണ്ട് വിവിധ കക്ഷികളിലെ അംഗങ്ങള്‍ സഭയില്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ബുധനാഴ്‌ച പാര്‍ലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചിരുന്നു.
ലോക്‌സഭ മൂന്നു തവണയും രാജ്യസഭ രണ്ടുതവണയുമാണ് ഈ പ്രശ്‌നത്തിന്റെ പേരില്‍ നിര്‍ത്തിവച്ചത്. പുതിയ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ സുരക്ഷാ ക്രമീകരണങ്ങളുടെ ആനുകൂല്യം അനാവശ്യമായി അനുഭവിക്കുന്നവരുടെ പട്ടിക തയ്യാറാക്കുകയും പലരുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ കുറയ്‌ക്കുകയോ എടുത്തുകളയുകയോ ചെയ്യാമെന്നും തീരുമാനമുണ്ടായിരുന്നു.
നേതാക്കളില്‍ പലരും ഇല്ലാത്ത ഭീഷണിയുടെ പേരുപറഞ്ഞാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്നും ഇങ്ങനെ ഒട്ടേറെ പണം പാഴാകുന്നുണ്ടെന്നുമായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം.












Click it and Unblock the Notifications