സിഡിറ്റിന് കൃത്രിമം കണ്ടെത്താന്‍ കഴിയില്ല
കൊച്ചി: അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികളിലെ കൃത്രിമത്വം കണ്ടെത്താന്‍ സിഡിറ്റിന് കഴിയില്ലെന്ന് സിബിഐ സിജെഎം കോടതിയെ അറിയിച്ചു. സിഡികളിലെ കൃത്രിത്വം കണ്ടെത്താനുള്ള സാങ്കേതിക പരിജ്ഞാനം സിഡിറ്റിനില്ലെന്നാണ് സിബിഐ കോടതിയെ ബോധിപ്പിച്ചിരിയ്‌ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം സിഡിറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു.
സിഡികളില്‍ കൃത്രിമത്വം നടന്നുവെന്ന തിരുവനന്തപുരത്തെ സിഡിറ്റിന്റെ കണ്‌ടെത്തലുകള്‍ക്ക് വ്യക്തമായ തെളിവുകളുടെ പിന്‍ബലമില്ലെന്ന് സിബിഐ വ്യക്തമാക്കി.
സിഡികളില്‍ മോര്‍ഫിങ്ങോ ശബ്‌ദ ക്രമീകരണമോ നടത്തിയിട്ടില്ല. സിഡികള്‍ പരിശോധന നടത്തിയുളള മുന്‍പരിചയം സിഡിറ്റിനില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. സിഡിറ്റ് സിഡികളുടെ പരിശോധനയ്‌ക്ക് കാമറാമാന്റെ സഹായം തേടിയിട്ടില്ലെന്നും സിബിഐ പറഞ്ഞു.
ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ നിന്നും ലഭിച്ച നാര്‍ക്കോ സിഡികള്‍ വന്‍ കൃത്രിമത്വം നടന്നതായി സിഡിറ്റ് ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിഡികളില്‍ തിരിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കോടതി നേരിട്ടാണ് സിഡികള്‍ പരിശോധിയ്‌ക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിനെ ചുമതലപ്പെടുത്തിയത്.
സിഡികളില്‍ വ്യാപകമായി എഡിറ്റിങ് നടന്നിട്ടുണ്ടെന്ന കണ്ടെത്തല്‍ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാന്‍ കോടതി നിര്‍ദ്ദേശ പ്രകാരം ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബിലെത്തിയ സിബിഐ സംഘം അവിടത്തെ ജീവനക്കാരെയും പരിശോധനയ്‌ക്ക് നേതൃത്വം നല്‌കിയ ഡോക്ടര്‍ മാലിനിയേയും ചോദ്യം ചെയ്‌തിരുന്നു.












Click it and Unblock the Notifications