കലാമിനെ പരിശോധിച്ചതില്‍ തെറ്റില്ല
ദില്ലി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ ദേഹപരിശോധന നടത്തി വിവാദത്തിലകപ്പെട്ട കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ നടപടിയെ ന്യായീകരിച്ച് അമേരിക്കന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷന്‍ (ടിഎസ്‌എ) രംഗത്തെത്തി. യാത്രക്കാരുടെ പദവികളും മറ്റും കാര്യമാക്കാതെ എല്ലാവരെയും ഒരു പോലെ വിശദമായി പരിശോധിയ്‌ക്കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് ടിഎസ്‌എ അധികൃതര്‍ പറയുന്നു
വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുമ്പ് കലാമിന്റെ ദേഹ പരിശോധന നടത്തിയത് അമേരിക്കന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായാണ്. എല്ലാ യാത്രക്കാരെയും യാത്രക്കാര്‍ കൂടെ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കണം എന്നതാണ ടിഎസ്‌എന്റെ നയം. ഇതിലൂടെ വിമാനയാത്രയില്‍ നിരോധിത സാധനങ്ങളൊന്നും യാത്രക്കാര്‍ കൊണ്ടുവരുന്നില്ല എന്ന് ഉറപ്പാക്കാന്‍ കഴിയും. ടിഎസ്‌എ വെബ്‌സൈറ്റിലാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്.
ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുന്ന വിഐപികളെ വിമാന യാത്രയ്‌ക്ക് മുമ്പ് ഉള്ള പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതായി അറിയാം. എന്നാല്‍, അമേരിക്കന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഇതില്‍ നിന്ന് തുലോം വ്യത്യസ്‌തമാണ്.
അമേരിക്കന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് മുമ്പുള്ള പരിശോധനയില്‍ നിന്ന് രാജ്യത്തിന്റെ മുന്‍ തലവന്‍മാരെ ഒഴിവാക്കാറില്ല. അതേ സമയം, ഇവര്‍ക്ക് ആവശ്യമാണെങ്കില്‍ സ്വകാര്യ പരിശോധനയ്‌ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാറുണ്ട്.
കലാമിന്റെ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ ടിഎസ്‌എ അവലോകനം നടത്തി. എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ ടിഎസ്‌എ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പരിശോധനമാത്രമാണ് നടത്തിയത്. അതേ സമയം കലാമിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും വെബ്‌സൈറ്റില്‍ പറയുന്നു.












Click it and Unblock the Notifications