ഒറീസ മുഖ്യമന്ത്രിയുടെ മേശയ്‌ക്കടിയില്‍ പാമ്പ്
ഭുവനേശ്വര്‍: ഒറീസ നിയമസഭയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ മേശയ്‌ക്കടിയില്‍ മൂര്‍ഖന്‍ കയറിയത് പരിഭ്രാന്തി പരത്തി.
വ്യാഴാഴ്‌ച സഭാ നടപടികള്‍ തുടങ്ങും മുമ്പ് സഭ വൃത്തിയാക്കാന്‍ എത്തിയവരാണ് പാമ്പിനെ കണ്ടത്. അപായസൂചന നല്‍കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പിന്നാലെ പാമ്പു പിടുത്തക്കാരും പൊലീസ് നായയുമെത്തി.
തിരച്ചിലിനിടെ മൂര്‍ഖന്‍ പരവതാനിക്കടിയിലേയ്‌ക്ക് വലിഞ്ഞു. പാമ്പിനെ കാണാതായതോടെ അംഗങ്ങള്‍ പരിഭ്രാന്തിയിലായി എല്ലാവരും ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു നിന്നു. എന്നാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റില്ല.
ഇതിനിടെ സഭ തുടങ്ങാന്‍ സമയമായപ്പോള്‍ സ്‌പീക്കര്‍ സഭ ഒരു മണിക്കൂര്‍ നീട്ടിവച്ചതായി അറിയിച്ചു. കെട്ടിടം അടച്ചുപൂട്ടി പരിശോധന നടത്തിയിട്ടും മൂര്‍ഖനെ കണ്ടുകിട്ടിയില്ല.
ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സഭ പുനര്‍സമ്മേളിച്ചപ്പോഴും പാമ്പിനെ കണ്ടുകിട്ടാത്തതിനാല്‍ മൂന്നുമണിവരെ സഭ വീണ്ടും നിര്‍ത്തിവച്ചു.
നിയമസഭാ കെട്ടിടവും പരിസരവും എങ്ങനെ പരിപാലിക്കുന്നുവെന്നതിന് തെളിവാണ് സംഭവമെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് കുറ്റപ്പെടുത്തി.
എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഏതാനും ദിവസമായി പെയ്യുന്ന തോരാത്ത മഴയില്‍ പാമ്പ് എങ്ങനെയോ കടന്നുകൂടിയതാകാമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി രഘുനാഥ് മൊഹന്തി പറഞ്ഞു.












Click it and Unblock the Notifications