മുല്ലപ്പെരിയാര്‍: പുതിയ ഡാമിന് പ്രമേയം പാസാക്കി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുയോജ്യമായ നിലപാടെടുക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ഈ പ്രമേയത്തോടെ നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. പ്രമേയം ചരിത്രപ്രാധാന്യമുള്ളതാണെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു.
പുതിയ ഡാം നിര്‍മ്മിക്കുന്നതുകൊണ്ട് തമിഴ്നാട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ് ജനതയുടെ ജലലഭ്യതയും കണക്കിലെടുത്താണ് ഈ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായതിനാല്‍ പുതിയ ഡാമിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്രജലവിഭവ കമ്മീഷന്റെയും അനുമതി വേണം. ഇത് ലഭിച്ചാല്‍ ഡാം നിര്‍മ്മാണം തുടങ്ങാന്‍ കഴിയും-മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും പ്രതിപക്ഷത്തിന് വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇപ്പോഴത്തെ അണക്കെട്ടിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ജനങ്ങളുടെ ജീവഹാനിയ്ക്ക് ഭീഷണിയുള്ള പശ്ചാത്തലത്തല് എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.