വേണ്ടത്ര സാങ്കേതികപരിജ്ഞാനമുണ്ട്:സി-ഡിറ്റ്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ നാര്‍ക്കോ പരിശോധനാ ടേപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‌ക്കുന്നതായി സിഡിറ്റ് അധികൃതര്‍ അറിയിച്ചു. കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ പരിശോധിയ്‌ക്കാനുള്ള സാങ്കേതിക പരിജ്ഞാനവും അനുഭവ സമ്പത്തും തങ്ങള്‍ക്കുണ്ടെന്നും സിഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ കുമാര്‍ പറഞ്ഞു.
ടേപ്പില്‍ തിരമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിയ്‌ക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സിഡിറ്റിനില്ലെന്ന സിബിഐയുടെ വാദം അടിസ്ഥാനരഹിതമാണ്. സിഡിറ്റില്‍ വര്‍ക്ക് രജിസ്റ്റര്‍ സൂക്ഷിയ്‌ക്കാറില്ലെന്ന സിബിഐയുടെ വാദവും മോഹന്‍ കുമാര്‍ തള്ളിക്കളഞ്ഞു.
സിഡിറ്റില്‍ ലോഗ് ബുക്ക് ഉണ് ടെന്നും അതില്‍ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുപത് വര്‍ഷത്തെ തങ്ങളുടെ പരിചയസമ്പത്ത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
അന്വേഷണ സംഘത്തിന്റെ നിലപാടിനു പിന്നില്‍ എന്തെങ്കിലും മുന്‍ധാരണകള്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും മോഹന്‍ കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു. നാര്‍ക്കോ പരിശോധനാ ഫലം അടങ്ങുന്ന സിഡികള്‍ പരിശോധിക്കാനുളള സാങ്കേതിക പരിജ്ഞാനം സിഡിറ്റിനില്ലെന്ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു.
ടേപ്പുകളില്‍ കൃത്രിമത്വം നടന്നുവെന്ന സിഡിറ്റിന്റെ കണ്ടെത്തലുകള്‍ക്ക് വ്യക്തമായ തെളിവുകളില്ല. ടേപ്പില്‍ മോര്‍ഫിങ്ങോ ശബ്‌ദ ക്രമീകരണവോ നടത്തിയിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച പരാതികളില്‍ കോടതി 27ന് വിധി പറയും.












Click it and Unblock the Notifications