കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ തീവ്രവാദികളെ സംരക്ഷിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വോട്ട്‌ ബാങ്ക്‌ ലക്ഷ്യമിട്ട്‌ ഇടതുമുന്നണി നടത്തിയ നീക്കം കേരളത്തെ തീവ്രവാദ കേന്ദ്രമാക്കിയെന്ന്‌ പ്രതിപക്ഷം. സര്‍ക്കാര്‍ തീവ്രവാദികളെ സംരക്ഷിയ്‌ക്കുകയാണെന്നും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പിഡിപിയുമായി സഖ്യമുണ്ടാക്കിയവര്‍ക്കെല്ലാം ഇനി മുതല്‍ ഉറക്കമില്ലാത്ത രാവുകളായിരിക്കും. പിഡിപി ബന്ധത്തെ എതിര്‍ത്ത മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‌ മാത്രമേ സന്തോഷിയ്‌ക്കാന്‍ വകയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ നിയമസഭാ നടപടികള്‍ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ കെ ബാബുവാണ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‌കിയത്‌. കോഴിക്കോട്‌ സ്‌ഫോടന കേസില്‍ കണ്ണൂര്‍ അബ്‌ദുള്‍ സ്വദേശി ആലിമിന്റെ അറസ്റ്റും എറണാകുളം കളക്ടറേറ്റ്‌ സ്‌ഫോടനവുമാണ്‌ കേരളത്തെ തീവ്രവാദകേന്ദ്രമായി മാറിയതിന്റെ ഉദാഹരണങ്ങളായി കെ ബാബു ചൂണ്ടിക്കാണിച്ചത്‌.

സംസ്ഥാനത്തെ തീവ്രവാദ ബന്ധങ്ങളെല്ലാം നീളുന്നത്‌ പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മദനിയിലേയ്‌ക്കാണ്‌. ജയില്‍ മോചിതനായ മദനിയുമായി ആഭ്യന്തര മന്ത്രി വേദി പങ്കിട്ടത്‌ തീവ്രവാദത്തെ ലാഘവമായി എടുത്തതിന്റെ തെളിവാണ്‌. എല്‍ഡിഎഫിന്റെ വോട്ടുബാങ്ക്‌ രാഷ്‌ട്രീയം കേരളത്തെ തീവ്രവാദ കേന്ദ്രമാക്കിയെന്നും കെ ബാബു പറഞ്ഞു.

എന്നാല്‍ മദനിയെ സംരക്ഷിക്കേണ്‌ട ബാധ്യത എല്‍ഡിഎഫ്‌ സര്‍ക്കാരിനില്ലെന്ന്‌ നോട്ടീസിന്‌ മറുപടിയായി നിയമമന്ത്രി എം വിജയകുമാര്‍ പറഞ്ഞു. മദനിയുമായുളള രാഷ്‌ട്രീയ ബന്ധത്തിന്റെ പേരില്‍ ആദ്യം പ്രതിപ്പട്ടികയില്‍ പെടുത്തേണ്ടത്‌ യുഡിഎഫ്‌ നേതാക്കളെയാണ്‌.

തീവ്രവാദ കേസുകളില്‍ സര്‍ക്കാര്‍ വീഴ്‌ച വരുത്തിയിട്ടില്ല. കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌ കിട്ടുന്നതിന്‌ മുന്‍പേ സംസ്ഥാനം അന്വേഷണം ആരംഭിച്ചിരുന്നു. കശ്‌മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ്‌ മലയാളികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന പോലീസ്‌ 12 പേരെ അറസ്റ്റു ചെയ്‌തിട്ടുണ്‌ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയില്‍ തൃപ്‌തനായ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചപ്പോള്‍ പ്രതിഷേധ പ്രകടനത്തിനായി പതിവു പോലെ പ്രതിപക്ഷം സഭ വിടുകയും ചെയ്‌തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X