ആലിമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: കോഴിക്കോട് ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബ്ദുള്‍ ആലിമിനെ കോടതി പൊലസ് കസ്റ്റഡിയില്‍ വിട്ടു.
ജൂഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മൂന്നാം മജിസ്‌ട്രേട്ട് എസ് രശ്‌മിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ള ഇയാളെ തിങ്കളാഴ്‌ച പൊലീസ് കസ്റ്റഡിയിലേയ്‌ക്ക് കൈമാറും.
കൂടുതല്‍ തെളിവെടുപ്പിനായി ആലിമിനെ 14 ദിവസത്തേയ്‌ക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ക്രൈംബ്രാഞ്ച് നേരത്തേ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ എത്രദിവസത്തേയ്‌ക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിടുന്നതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം കോടതി തിങ്കളാഴ്‌ച വ്യക്തമാക്കും.
ആലിമിനെ ചോദ്യം ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി വിവിധ അന്വേഷണ സംഘടനകള്‍ ക്രൈംബ്രാഞ്ചിനെ സമീപിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശിയായ ആലിം ബുധനാഴ്‌ചയാണ് കൊച്ചിയില്‍ വച്ച് അറസ്‌റ്റിലായത്. എറണാകുളം കളക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് ഇയാള്‍ കുടുങ്ങിയത്.












Click it and Unblock the Notifications