പ്രസ്‌താവനാ വിവാദം: മറുപടി നല്‍കുമെന്ന് സിങ്
ദില്ലി: ഇന്ത്യ-പാകിസ്‌താന്‍ സംയുക്ത പ്രസ്‌താവനയുടെ പേരിലുള്ള വിവാദം ശക്തമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്‌ച സമാധാനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം ബില്‍ ഗേറ്റ്‌സിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍.
സംയുക്ത പ്രസ്‌താവനയെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസ്‌താവന നടത്തിയതാണ്. ജൂലൈ 29ന് ലോക്‌സഭയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ വിശദീകരണം നല്‍കും- അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. പാര്‍ലമെന്റില്‍ ചര്‍ച്ചയിലിരിക്കുന്ന കാര്യമായതിനാല്‍ ഇപ്പോള്‍ മറുപടി പറയുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈജിപ്‌തില്‍ വച്ച് പാകിസ്‌താന്‍ പ്രധാമന്ത്രി യൂസഫ് റാസ ഗിലാനിയുമായി മന്‍മോഹന്‍ സിങ് നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയാണ് വിവാദമായിരിക്കുന്നത്. പാകിസ്‌താനുമായുള്ള ചര്‍ച്ച തുടരുന്നതിനെ തീവ്രവാദവുമായി കൂട്ടിക്കഴയ്‌ക്കരുതെന്ന ഭാഗമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന മുന്‍നിലപാടില്‍ നിന്നുള്ള വ്യതിചലനമാണിതെന്നാണ് പ്രധാന വിമര്‍ശനം. അതുപോലെതന്നെ ബലൂചിസ്‌താനില്‍ നടക്കുന്ന തീവ്രവാദി പ്രവര്‍ത്തനങ്ങളെ സംയുക്ത പ്രസ്‌താവനയില്‍ പരാമര്‍ശിച്ചതും വിമര്‍ശനത്തിനിടയാക്കി.
ബലൂചിസ്‌താനിലെ തീവ്രവാദത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം പാകിസ്‌താന്‍ വ്യാപകമായി ഉന്നയിച്ചുവരുകയായിരുന്നു. ബലൂചിസ്‌താന്‍ സംയുക്ത പ്രസ്‌താവനയുടെ ഭാഗമായതോടെ പാകിസ്‌താന്റെ ആരോപണത്തിന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചതുപോലെയായെന്നും ആരോപണം ഉയര്‍ന്നു.
കോണ്‍ഗ്രസിലുള്ള ഒട്ടേറെ നേതാക്കള്‍ പ്രസ്‌താവനയുടെ കാര്യത്തില്‍ മന്‍മോഹനോട് യോജിക്കുന്നില്ല. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്‌ച രാത്രി ഉന്നതനേതാക്കളുടെ യോഗം വിളിക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications