ദളിന്റെ യുഡിഎഫ് പ്രവേശം: ചര്‍ച്ച തുടങ്ങി
കൊച്ചി: ജനതാദള്‍ എസിലെ എംപി വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനത്തിനായുള്ള ആദ്യ ഔദ്യോഗിക ചര്‍ച്ച തുടങ്ങി.
എറണാകുളം ഗസ്‌റ്റ് ഹൗസിലാണ് ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ദളിനെ പ്രതിനിധീകരിച്ച് വീരേന്ദ്രകുമാറും സെക്രട്ടറി ജനറല്‍ കെ കൃഷ്‌ണന്‍ കുട്ടിയുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമന്ന് നേരത്തേ പറഞ്ഞിരുന്നുവെങ്കില്‍ വടക്കന്‍ കേരളത്തില്‍ പാര്‍ട്ടി പരിപാടിയ്‌ക്ക് പോയ അദ്ദേഹം തിരിച്ചെത്തിയിട്ടില്ല.
നേരത്തേ ജനതാദള്‍ സംസ്ഥാന നേതൃയോഗം കോഴിക്കോട്ട് ചേര്‍ന്ന് യുഡിഎഫില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച ചേര്‍ന്ന കെപിസിസി നിര്‍വ്വാഹക സമിതിയോഗം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പിപി തങ്കച്ചനെയും ചര്‍ച്ചകള്‍ക്കായി നിയോഗിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ആദ്യ ഔദ്യോഗിക ചര്‍ച്ചയ്‌ക്ക് കളമൊരുങ്ങിയത്.
നേരത്തേ വിവിധ തലങ്ങളില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഞായറാഴ്‌ചത്തെ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ യുഡിഎഫ്, യുഡിഎഫ് കോണ്‍ഗ്രസ് നേതൃത്വങ്ങളെ അറിയിക്കും.
ദള്‍ മുന്നണിയില്‍ എത്തുന്നതിനോട് യുഡിഎഫിലെ ഘടകകക്ഷികള്‍ക്കാര്‍ക്കും എതിര്‍പ്പില്ല. മുന്നണി ചര്‍ച്ചയ്‌ക്ക് മുന്നോടിയായി ദള്‍ ജില്ലാ നേതാക്കളുമായി വീരേന്ദ്രകുമാറും കൃഷ്‌ണന്‍കുട്ടിയും ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications