റിസര്‍വ് ബാങ്ക് വായ്‌പാനയം പ്രഖ്യാപിച്ചു
മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ വായ്‌പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയുടെ നിരക്കുകളില്‍ മാറ്റമില്ല.
റിപ്പോ 4.75ഉം റിവേഴ്‌സ് റിപ്പോ 3.25ഉം കരുതല്‍ ധനാനുപാതം 5 ശതമാവുമായി നിലനിര്‍ത്തും. വായ്‌പാ നിരക്കില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ രാജ്യത്തെ ബാങ്കുകളുടെ പലിശ നിരക്കിലും ഇനി കുറവുണ്ടാകാന്‍ സാധ്യതയില്ല.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നേരത്തേ നിരക്കുകള്‍ കുറച്ചതുവഴി വിപണിയില്‍ ധനലഭ്യത ഉറപ്പായതായി ആര്‍ബിഐ യോഗം വിലയിരുത്തി.
നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വിവിധ ബാങ്കുകളും അഭിപ്രായപ്പെട്ടിരുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബ്ബറാവുവിന്റെ അധ്യക്ഷതയില്‍ മുംബൈയിലായിരുന്നു യോഗം ചേര്‍ന്നത്.
തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്ന സര്‍വ്വേ റിപ്പോര്‍ട്ടില്‍ വളര്‍ച്ചാനിരക്ക് 6.75 ശതമാനമായി നില്‍ക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. വരും വര്‍ഷത്തില്‍ ഇത് ഏഴു ശതമാനമാകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
ഈ വര്‍ഷം സമ്പദ് വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ആര്‍ബിഐ നടത്തിയ സര്‍വെയില്‍ വ്യക്തമായിരുന്നു. ഏപ്രിലില്‍ 5.7 ശതമാനം സാമ്പത്തികവളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. പലിശനിരക്ക് പുനരവലോകനം നടത്തുന്നതിന് തൊട്ടുമുന്നോടിയായിട്ടാണ് സര്‍വേ വിവരം ആര്‍ബിഐ പുറത്തുവിട്ടത്.












Click it and Unblock the Notifications