മുംബൈ ഇരട്ടസ്ഫോടനം: 3പേര്‍ കുറ്റക്കാര്‍
മുംബൈ: 2003-ല്‍ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലും ഉണ്ടായ ബോംബ് സ്‌ഫോടനക്കേസുകളിലെ മൂന്നുപ്രതികളെ പോട്ടാ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ആഗസ്‌ത് 4ന് പ്രഖ്യാപിക്കും.
പ്രത്യേക പോട്ട കോടതി ജഡ്‌ജി എം.ആര്‍ പുരാണിക് ആണ് തിങ്കളാഴ്‌ച കേസ് പരിഗണിച്ചത്. അഷ്‌റത് അന്‍സാരി (32), ഹനീഫ് സയിദ് അനീസ് (46), ഭാര്യ ഫെഹ്‌മിദ സയിദ് (43) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.
2003 ആഗസ്‌ത് 25നാണ് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലും ടാക്‌സികളില്‍ ബോംബ് പൊട്ടിയത്. സ്‌ഫോടനങ്ങളില്‍ 52 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ലഷ്‌കര്‍ ഇ തൊയ്‌ബയാണ് ദുബായില്‍ വെച്ച് ഈ ബോംബ് സ്‌ഫോടനങ്ങളുടെ ഗൂഢാലോചന നടത്തിയതെന്നും സംഘടനയുടെ പാകിസ്‌താനിലെ നേതാക്കള്‍ ഈ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും മാപ്പുസാക്ഷി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
മുംബൈയില്‍ ഭികരാവസ്ഥ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തത്. 2002 ഡിസംബറില്‍ അന്ധേരിയില്‍ സീപ്‌സീല്‍ ഒരു ബെസ്റ്റ് ബസ്സില്‍ ബോംബ് വെച്ച കേസിലും 2003 ജൂലായ് 8ന് ഘാട്ട്‌കോപ്പറില്‍ ബസ്സില്‍ ബോംബ് വെച്ച കേസിലും ഈ പ്രതികള്‍ പങ്കാളികളാണ്.
പ്രതികള്‍ക്കു പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പറഞ്ഞു. ഒരു ബോംബ് സ്‌ഫോടനക്കേസില്‍ പോട്ട പ്രകാരം ദമ്പതിമാരെ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ സംഭവമാണിതെന്നും നികം പറഞ്ഞു.
ദമ്പതിമാരുടെ പതിന്നാറുകാരിയായ മകളെ ഈ കേസില്‍ അറസ്റ്റുചെയ്‌തുവെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിട്ടയയ്‌ക്കുകയായിരുന്നു. ആറു വര്‍ഷം നീണ്ടുനിന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ 103 സാക്ഷികളെയും പ്രതിഭാഗം 4 സാക്ഷികളെയും വിസ്‌തരിക്കുകയുണ്ടായി.












Click it and Unblock the Notifications