ഒമര്‍ പ്രതിയല്ലെന്ന് സിബിഐ കത്തു നല്‍കി
ശ്രീനഗര്‍: മുഖ്യമന്ത്രി 2006ലെ ലൈംഗികാപവാദക്കേസില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയോ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയോ ഉള്‍പ്പെട്ടിട്ടില്ലെന്ന് കാണിച്ച് സിബിഐ ജമ്മുകശ്‌മീര്‍ സ്‌പീക്കര്‍ക്ക് കത്തു നല്‍കി.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് തനിക്ക് സിബിഐ ഡയറക്ടര്‍ അശ്വനി കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സ്‌പീക്കര്‍ അക്‌ബര്‍ ലോണ്‍ പറഞ്ഞു. പിഡിപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫര്‍ ബെയ്‌ഗ് ചൊവ്വാഴ്‌ച ഇരുവരെക്കുറിച്ചും നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് ഒമര്‍ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു.
തന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഒമര്‍ രാജിക്കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജിക്കത്ത് ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ല. മാത്രമല്ല കേസില്‍ അന്വേഷണം തീരുന്നതുവരെ ഒമറിനോട് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ജമ്മുകശ്‌മീരില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ കേസാണ് ഈ ലൈംഗികാപവാദക്കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉന്നതര്‍ക്ക് കാഴ്‌ചവച്ചുവെന്നതാണ് കേസ്. ഒരു സ്‌ത്രീ അറസ്റ്റിലായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
മുന്‍ പിഡിപി സര്‍ക്കാറിലെ മന്ത്രിമാരായ ജി എ മിര്‍, രാമന്‍ മാത്തോ, മുന്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സയ്യിദിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ 17 പേര്‍ക്ക് കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications