അഭയ: കുറ്റപത്രം ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: അഭയകേസില്‍ സിബിഐ സ്വീകരിച്ച അന്വേഷണ രീതിയെ ഹൈക്കോടതി വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രങ്ങളുടെ പകര്‍പ്പ് ആഗസ്റ്റ് പത്താംതിയതി ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
അഭയയുടെ പിതാവ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഹേമ ഈ നിര്‍ദ്ദേശം നല്‍കിയത്. നാര്‍കോ സിഡിയില്‍ കൃത്രിമം നടന്നതായി കോടതി വീണ്ടും സൂചന നല്‍കി. കേസന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന് ജസ്‌റ്റിസ് ഹേമ വ്യക്തമാക്കി.
പുതിയ സംഘത്തിന്റെ അന്വേഷണ രീതിയെയാണ് മുന്‍പത്തേക്കാള്‍ രൂക്ഷമായ രീതിയില്‍ ജസ്റ്റിസ് വിമര്‍ശിച്ചത്. അന്വേഷണ രീതി സുതാര്യമല്ലെന്ന് പറഞ്ഞ കോടതി നാര്‍കോ പരിശോധനയുടെ യഥാര്‍ത്ഥ ടേപ്പ് കണ്ടെത്താതെ എങ്ങനെയാണ് അന്വേഷണം പൂര്‍ത്തിയാക്കുകയെന്ന് സിബിഐയോട് ആരാഞ്ഞു.
നാര്‍കോ പരിശോധനയുടെ യഥാര്‍ത്ഥ വീഡിയോ ടേപ്പുകള്‍ കണ്ടെത്താത്തതിന്റെ പേരില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ നായര്‍, ബാംഗ്ലൂര്‍ ഫൊറന്‍സിക് ലാബ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മാലിനി എന്നിവര്‍ക്കെതിരെ ബുധനാഴ്‌ചയാണ് അഭയയുടെ പിതാവ് തോമസ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications