വിഭാഗീയതയ്‌ക്ക് കാരണം വിഎസ്സാണെന്ന് കത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎമ്മിലുള്ള വിഭാഗീയതയ്‌ക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് കാരണമെന്ന് സൂചന നല്‍കിക്കൊണ്ട് പാര്‍ട്ടിയുടെ കത്ത്. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനത്തിന് തടസ്സവും വിഎസാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
വിഎസിനെതിരായ അച്ചടക്ക നടപടിയുള്‍പ്പെടെയുള്ള കേന്ദ്രമകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി കീഴ്‌ഘടകങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് വിഎസിനെ വികസനവിരുദ്ധനായി ചിത്രീകരിച്ചിരിക്കുന്നത്. 90 പേജുള്ള കത്തില്‍ ലാവലിന്‍ കേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നരിപരാധിയാണെന്നും പറയുന്നു.
കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന്റെ ചില വിഭാഗങ്ങളെ വ്യത്യസ്‌ത തോതുകളില്‍ ആവേശിച്ചിട്ടുള്ള പാര്‍ലമെന്ററി അവസരവാദമാണ് വിഭാഗീയതയുടെ മൂലകാരണം. നേതാക്കളുടേയോ ഏതെങ്കിലും ഗ്രൂപ്പിന്റെയോ താല്‍പര്യങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ പാര്‍ട്ടിയുടെ കൂട്ടായ താല്‍പര്യങ്ങള്‍ക്ക് ഉപരിയായി പ്രതിഷ്‌ഠിക്കുന്നതാണ് ഏറ്റവും മോശപ്പെട്ട ഗ്രൂപ്പിസം എന്ന് കത്തില്‍ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ദേശീയതല അവലോകനം, കേരളത്തിലെ ഉള്‍പാര്‍ട്ടി കാര്യങ്ങളെക്കുറിച്ചുള്ള പ്രമേയം, ലാവലിനും പിണറായി വിജയന് എതിരെയുള്ള സിബിഐ കേസും എന്നീ മൂന്ന് ഭാഗങ്ങളായാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രകമ്മിറ്റി അംഗീകരിച്ച പാര്‍ട്ടികാര്യങ്ങളില്‍ കീഴ്‌ഘടകങ്ങളില്‍ ഉള്ളവരെക്കൂടി ധരിപ്പിക്കുകയാണ് കത്തിന്റെ ഉദ്ദേശം.
കീഴ്‌ഘടകങ്ങളില്‍ കത്ത് ചര്‍ച്ച ചെയ്യാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കത്തിന്റെ രണ്ടാംഭാഗത്ത് വിഎസിന്റെ പേര് എടുത്തുപറഞ്ഞ് പാര്‍ട്ടി വിമര്‍ശിക്കുന്നത് വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിഎസ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും മന്ത്രിമാരുടെ സംഘത്തെ ഐക്യത്തോടെ നയിച്ചില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
മന്ത്രിസഭായോഗങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്‌താവനകള്‍ ഉള്‍പാട്ടി പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നതിലേയ്‌ക്ക് വഴിതിരിഞ്ഞുപോയി. വിഎസിന്റെ ഇത്തരംസമീപനവും പെരുമാറ്റവും പാര്‍ട്ടിക്ക് സഹിക്കാന്‍ കഴിയില്ല.
ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാട് കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിഎസ് കൈക്കൊണ്ട വിരുദ്ധ നിലപാടിനെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയെ തകര്‍ക്കാനും പിണറായിയെ നശിപ്പിക്കാനുമുള്ള ഗൂഡാലോചനയെ ചെറുത്തുതോല്‍പ്പിക്കാന്‍ കത്ത് ആഹ്വാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications