മുരളിയ്‌ക്കെതിരെ നടപടിയുണ്ടായേയ്‌ക്കും
ദില്ലി: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരനെതിരെ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടായേയ്‌ക്കുമെന്ന് എന്‍സിപി അഖിലേന്ത്യാ സെക്രട്ടറി ടിപി പീതാംബരന്‍ മാസ്റ്റര്‍.
മുരളീധരന്റെ നടപടികള്‍ അച്ചടക്ക സമിതി വിലയിരുത്തി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പവാര്‍ നടപടികള്‍ തീരുമാനിക്കും. മുരളീധരന്‍ കോണ്‍ഗ്രസിലേയ്‌ക്ക് പോകുന്ന സാഹചര്യം മനസ്സിലാക്കിയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
എന്‍സിപി ഏതെങ്കിലും മുന്നണിയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. പാര്‍ട്ടിയുടെ അംഗബലം വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍തൂക്കം. ഡിഐസിയില്‍ നിന്ന ഭൂരിഭാഗവും കരുണാകരനൊപ്പം കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങിയിരുന്നു. അതിനാല്‍ മുരളി പോകുന്നത് പാര്‍ട്ടിയ്‌ക്ക് കാര്യമായ ദോഷം ചെയ്യില്ല- അദ്ദേഹം പറഞ്ഞു.
എന്‍സിപിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്യുന്നതിനാണ് പീതാംബരന്‍ മാസ്റ്റര്‍ ദില്ലിയില്‍ എത്തിയിരിക്കുന്നത്. വൈകീട്ട് ഇദ്ദേഹം പവാറിനെ കാണും. ഇതിനിടെ മുരളീധരന്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ പലപ്പോഴും പാര്‍ട്ടി നിലപാടുകളാക്കി മാറ്റിയെന്ന് എന്‍സിപി നേതാവ് എസി ഷണ്‍മുഖദാസ് ആരോപിച്ചു.
ഇത് തിരുത്താന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും പാര്‍ട്ടി പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ നടപടി ചതിയായിപ്പോയെന്ന് നേതാവ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങാന്‍ തീരുമാനിച്ചകാര്യം അദ്ദേഹം വ്യാഴാഴ്‌ചത്തെ നേതൃയോഗത്തില്‍ പറഞ്ഞിരുന്നില്ലെന്നും വിജയന്‍ പറഞ്ഞു












Click it and Unblock the Notifications