മദനിക്കും ഭാര്യക്കുമെതിരെ തെളിവില്ല
കൊച്ചി: തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കളമശേരിയില്‍ കത്തിച്ച കേസില്‍ പിഡിപി അദ്ധ്യക്ഷന്‍ അബ്‌ദുള്‍ നാസര്‍ മദനിയെയും ഭാര്യ സൂഫിയ മദനിയെയും പ്രതി ചേര്‍ക്കാന്‍ തക്ക തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ കുറ്റസമ്മത മൊഴിയില്‍ മദനിയുടെയും ഭാര്യയുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ ആരോപണം തെളിയിക്കുന്നതിന് ഉപോത്‌ബലകമായ തെളിവ് ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തീവ്രവാദവുമായി ബന്ധമുളള മദനിയ്‌ക്കും ഭാര്യയ്‌ക്കുമെതിരെ കേസെടുക്കണമെന്നു ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ രാജു പുഴങ്കര നല്‌കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. സംസ്ഥാനത്ത തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഡിഐജി വിനോദ് കുമാറാണ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയത്.
കളമശേരി ബസ് കത്തിക്കല്‍, പാനായിക്കുളം സിമി ക്യാമ്പ്, വാഗമണ്‍ തീവ്രവാദ ക്യാമ്പ്, കാശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ടത് എന്നീ കേസുകളില്‍ അന്വേഷം പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ അറിയിച്ചു.
മദനിയ്‌ക്കും ഭാര്യയ്‌ക്കുമെതിരെയുള്ള മൊഴികളില്‍ വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മദനിയ്‌ക്കും ഭാര്യയ്‌ക്കും എതിരെ കേസെടുക്കാനാവില്ല. മദനിയുടെയും ഭാര്യയുടെയും പങ്ക് അന്വേഷിച്ചുവരികയാണ്. സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ ഏതെങ്കിലും തരത്തില്‍ ബാഹ്യ ഇടപെടല്‍ നടക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു












Click it and Unblock the Notifications