മുരളിയെ തിരിച്ചെടുക്കല്‍: കെപിസിസി തീരുമാനിക്കും
ദില്ലി: കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യം തീരുമാനിയ്‌ക്കേണ്ടത് കെപിസിസി എക്‌സിക്യൂട്ടീവാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സീന ക്വിദ്വായ് വ്യക്തമാക്കി.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ എ.ഐ.സി.സിക്ക് കത്തയച്ചാല്‍ അത് കെപിസിസിയുടെ പരിഗണനയ്‌ക്ക് അയക്കുമെന്നും അത്തരമൊരു കത്ത് ഇതുവരെ ലഭിച്ചിട്ടില്ലന്നും അവര്‍ പറഞ്ഞു. കെപിസിസിയെ മറികടന്ന് എഐസിസി എന്തെങ്കിലും തീരുമാനമെടുക്കില്ല. ഏതെങ്കിലും നേതാവിന്റെ എതിര്‍പ്പല്ല, കൂട്ടായ തീരുമാനത്തിനാണ് കേന്ദ്രനേതൃത്വം വിലകല്‍പ്പിക്കുകയെന്നും കിദ്വായ് പറഞ്ഞു.
മുരളിയെ തിരിച്ചെടുക്കുന്നതിനൊപ്പം നീക്കത്തിനെതിരെ എതിര്‍പ്പുമായി രംഗത്തിറങ്ങിയിരിക്കുന്ന സംസ്ഥാന നേതൃത്വത്തെ പിണക്കാതിരിയ്‌ക്കാനും ലക്ഷ്യമിട്ടാണ് ദേശീയ നേതൃത്വത്തിന്റെ പുതിയ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.
മുരളീധരന്‍ കോണ്‍ഗ്രസ്സിലേക്ക് മടങ്ങി വരുന്നതില്‍ സംസ്ഥാനത്തെ പല നേതാക്കളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടങ്കിലും മുരളീധരന്‍ തിരിച്ചെത്തിയാല്‍ അത് സംസ്ഥാനത്തെ ബലാബലം മാറ്റുമെന്ന പ്രതീക്ഷ മറ്റു ചില നേതാക്കള്‍ക്കുള്ളത് അദ്ദേഹത്തിന്റെ മടങ്ങിവരവിന് കളമൊരുക്കുമെന്നാണ് കരുതുന്നത് പലപ്പോഴായി കോണ്‍ഗ്രസ് വിട്ടുപോയവരില്‍ പലരുമാണ് ഇന്ന് പാര്‍ട്ടിയില്‍ തലപ്പത്തുള്ളതെന്ന ചരിത്രവും മുരളീധരന് പ്രതീക്ഷ പകരുന്നുണ്ട്.
കെപിസിസിയാണ് തീരുമാനമെടുക്കേണ്ടതെന്ന് എഐസിസി പറയുന്നുണ്ടങ്കിലും എകെ ആന്റണിയുടെ ഇക്കാര്യത്തിലുള്ള നിലപാട് ഏറെ നിര്‍ണായകമായിരിക്കും.
ആന്റണി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പാര്‍ട്ടിവിട്ട് പോയവര്‍ തിരിച്ചെത്തണമെന്ന എഐസിസി നേതൃത്വത്തിന്റെ നിലപാട് ആന്റണിയും പിന്തുടരുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications