വിഎസിന്റെ നിലപാട്: പാര്‍ട്ടിയ്‌ക്ക് ആശങ്ക
തിരുവനന്തപുരം: എസ്‌എന്‍സി ലാവലിന്‍ അഴിമതി സംബന്ധിച്ച സിബിഐ സിബിഐ കേസില്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്‌ത് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാട് നിര്‍ണായകമാകും. പിണറായിയ്‌ക്കെതിരെയുള്ള സിബിഐ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെ പരസ്യമായി തള്ളിയതിന്റെ പേരില്‍ അച്ചടക്ക നടപടിയ്‌ക്ക് വിധേയനായ വിഎസ് കേസ് കോടതിയിലെത്തുമ്പോള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്ക് മുതിരുമോയെന്ന ആശങ്കയിലാണ് കേന്ദ്രനേതൃത്വം.
പിണറായിയ്‌ക്കെതിരായ സിബിഐ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടെന്ന സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം തള്ളിക്കൊണ്ടാണ് സംസ്ഥാന ഗവര്‍ണര്‍ ആര്‍ എസ് ഗവായ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. ഈ നിലയ്‌ക്ക് ഗവര്‍ണറുടെ നടപടിയെ സര്‍ക്കാറിന് കോടതിയില്‍ ചോദ്യം ചെയ്യാം.
എന്നാല്‍ അത്തരമൊരു ഘട്ടത്തില്‍ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കുമെന്നകാര്യത്തില്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഒരേപോലെ ആശങ്കയുണ്ട്. മുഖ്യമന്ത്രി മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ അത് വലിയ തിരിച്ചടിതന്നെയായിരിക്കും. അതുകൊണ്ടാണ് പിണറായി വിജയന്‍ തന്നെ നേരിട്ട് കോടതിയെ സമീപിക്കുന്നതാണ് ബുദ്ധിയെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിയത്.
പാര്‍ട്ടിയുടെ അച്ചടക്കനടപടി വന്നതിന്‌ശേഷം പരസ്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും വിഎസ് പുലര്‍ത്തുന്ന മൗനം അര്‍ത്ഥഗര്‍ഭമാണെന്നാണ് പറയപ്പെടുന്നത്. ആദ്യം പാര്‍ട്ടി നടപടിയ്‌ക്കു വഴങ്ങിയശേഷം നിര്‍ണായക ഘട്ടങ്ങളില്‍ തിരിച്ചടിക്കുകയെന്ന തന്ത്രം തന്നെ ഇനിയും അദ്ദേഹം പയറ്റുമെന്നാണ് വിഎസ് പക്ഷക്കാരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications