മുരളി എന്‍സിപിയോട് നീതികാണിച്ചില്ല: പത്മജ
കൊച്ചി: എന്‍സിപിയോട് കെ മുരളീധരന്‍ നീതികേടുകാണിച്ചുവെന്ന് സഹോദരി പത്മജ വേണുഗോപാല്‍. സഹോദരി എന്ന നിലയില്‍ മുരളിയുടെ അവസ്ഥയില്‍ ദുഖമുണ്ടെന്നും അവര്‍ ശനിയാഴ്‌ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ മുരളീധരന്‍ സ്വീകരിച്ച നിലപാടുകളോട് യോജിക്കാന്‍ കഴിയില്ല. ഏത് പാര്‍ട്ടിയ്‌ക്കും അതിന്റേതായ ചിട്ടവട്ടങ്ങളുണ്ടാകും. എന്‍സിപിയ്‌ക്കും അതിന്റേതായ നയങ്ങളുണ്ട്. അതില്‍ നിന്നുകൊണ്ട് വേണമായിരുന്നു അദ്ദേഹം അഭിപ്രായങ്ങള്‍ പറയാന്‍.
തീരുമാനങ്ങള്‍ തിരക്കിട്ടെടുക്കുന്നത് ശരിയല്ല. അത് അദ്ദേഹത്തെ മാത്രമല്ല കൂടെനില്‍ക്കുന്നവരെയും ബാധിക്കും- പത്മജ പറഞ്ഞു.
കെ കരുണാകരന്‍ കോണ്‍ഗ്രസിലേയ്‌ക്ക് തിരിച്ചുവരുന്നതും മുരളീധരന്‍ തിരിച്ചുവരുന്തനും തമ്മില്‍ വ്യത്യാസമുണ്ട്. കരുണാകരന്‍ വന്നപ്പോള്‍ ആരും എതിര്‍ത്തില്ല. മുരളീധരന്‍ വരാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് എതിര്‍പ്പുണ്ടാകുന്നുവെന്ന് അദ്ദേഹംതന്നെ ആലോചിക്കണം.
പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയശേഷം ഓരോന്ന് വിളിച്ചുപറയുമ്പോള്‍ തിരിച്ചുവരാനുള്ള കാര്യം ഓര്‍ക്കണമായിരുന്നു. കോണ്‍ഗ്രസില്‍തന്നെ നില്‍ക്കാനുള്ള എന്റെ നിലപാട് ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്- അവര്‍ പറഞ്ഞു.












Click it and Unblock the Notifications