ശിഹാബ് തങ്ങളുടെ കബറടക്കം നടത്തി
മലപ്പുറം: മലബാറിന്റെ ആത്മീയ ആചാര്യനും മൂന്നുപതിറ്റാണ്ടിലേറെ മുസ്ലീംലീഗിന്റെ സാരഥിയുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് വിട.
സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ മൃതദേഹം പാണക്കാട് ജുമാമസ്‌ജിദില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.
പിതാവ് ഒപിഎം സയ്യിദ്, ഭാര്യ ഷെരീഫ ഫാത്തിമ ബീവി എന്നിവരുടെ കബറുകള്‍ക്ക് സമീപത്തുതന്നെയാണ് തങ്ങളുടെ കബറിടവും ഒരുങ്ങിയത്. പ്രിയനേതാവിനെ ഒരു നോക്കുകാണാന്‍ പതിനായിരങ്ങള്‍ എത്തിയെങ്കിലും സംസ്‌കാരച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും പ്രമുഖ നേതാക്കളും മാത്രമേ പങ്കെടുത്തുള്ളു.
ആയിരത്തോളമാളുകള്‍ അകമ്പടിനിരന്ന വിലാപയാത്രയായാണ് മലപ്പുറം ടൗണ്‍ഹാളില്‍ നിന്നും വാഹനത്തില്‍ തങ്ങളുടെ മൃതദേഹം പള്ളിയങ്കണത്തിലെത്തിച്ചത്.
രാവിലെ ആറരമുതല്‍ ഒന്നേമുക്കാല്‍വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിന് വച്ച മൃതദേഹത്തില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുനിന്നുള്ള പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പലപ്പോഴും ടൗണ്‍ഹാള്‍ വികാരവിക്ഷുബ്ധമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പരമോന്നത നേതാവായിരുന്നിട്ടും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേയ്‌ക്ക് കടന്നുവരാന്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാളായിരുന്നു ശിഹാബ് തങ്ങള്‍. കേരളരാഷ്ട്രീയത്തില്‍ തങ്ങളുടെ സ്വാധീനം ഏറെക്കുറെ നിശബ്ദമായിരുന്നുവെങ്കിലും വളരെ ശക്തമായിരുന്നു.












Click it and Unblock the Notifications